സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചിരിക്കുന്നത്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ വമ്പൻ വിജയം തന്നെ രാജസ്ഥാൻ നേടുകയുണ്ടായി. നായകൻ സഞ്ജു സാംസൺ മത്സരത്തിൽ മികവാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. 28 പന്തുകളിലാണ് സഞ്ജു സാംസൺ മത്സരത്തിൽ അർത്ഥശതകം പൂർത്തീകരിച്ചത്. മത്സരത്തിൽ 32 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 55 റൺസ് ആയിരുന്നു നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു.
ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ഒരു റെക്കോർഡും സഞ്ജു സാംസൺ നേടുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനെതിരെ 700 റൺസിലധികം നേടുന്ന ആദ്യ ക്രിക്കറ്ററായി സഞ്ജു സാംസൺ മാറി. മത്സരത്തിൽ അർധശതകം നേടിയതോടെ 20 ഇന്നിങ്സുകളിൽ സൺറൈസേഴ്സിനെതിരെ കളിച്ച് 725 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. എല്ലാ സീസണിലും മികച്ച ബോളിംഗ് നിരയുമായി എത്തുന്ന സൺറൈസേഴ്സിന് മുൻപിൽ ഇത്രയധികം റൺസ് കണ്ടെത്തുക എന്നത് നിസ്സാര കാര്യമല്ല. സൺറൈസേഴ്സിനെതിരെ 20 ഇന്നിങ്സുകളിൽ നിന്ന് 569 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് സഞ്ജുവിന് പിന്നിൽ ഈ ലിസ്റ്റിൽ ഉള്ളത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ പതിനെട്ടാമത്തെ അർത്ഥസെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ പൂർത്തീകരിച്ചത്. ഇതോടെ പരിക്കിൽ നിന്നും തിരികെയെത്തുന്ന സഞ്ജുവിന് ഒരു തകർപ്പൻ മടങ്ങിവരവാണ് ലഭിച്ചത്. മുൻപ് ആകാശ് ചോപ്ര അടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ സഞ്ജുവിന്റെ ഫോം സംബന്ധിച്ച് ആശങ്കകൾ ഉന്നയിക്കുകയുണ്ടായി. പരീക്കിൽ നിന്ന് തിരിച്ചെത്തുന്നതിനാൽ തന്നെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസൺ ഫേം കണ്ടെത്തില്ല എന്നായിരുന്നു ആകാശ് ചോപ്ര പറഞ്ഞത്. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചു കൊണ്ടാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ ഈ മിന്നും പ്രകടനം.
മത്സരത്തിൽ മുൻനിരയുടെ വെടിക്കെട്ടിന്റെ ബലത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് വിജയം കണ്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും രാജസ്ഥാൻ ശക്തമാണ് എന്ന് വിളിച്ചോതുന്ന മത്സരം തന്നെയാണ് ഹൈദരാബാദിൽ നടന്നത്. 2022ലെ ഐപിഎൽ സീസണിലും സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഇത്തരത്തിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. 2022ൽ ഫൈനലിൽ എത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. 2023ലും ഇത് രാജസ്ഥാൻ ആവർത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.