ഐസിസി റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിച്ചുചാട്ടം. 91 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി.

FB IMG 1729079090329

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് ഉണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. ഐസിസി റാങ്കിങ്ങിൽ 91 സ്ഥാനങ്ങൾ മുന്നിലേക്ക് കുതിച്ച് 65ആം സ്ഥാനത്ത് എത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 40 പന്തുകളിൽ നേടിയ സെഞ്ച്വറിയാണ് സഞ്ജുവിന് ഇത്തരമൊരു വമ്പൻ നേട്ടത്തിൽ സഹായിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും മികവ് പുലർത്താൻ സാധിച്ചാൽ സഞ്ജുവിന് ഇനിയും ഈ നേട്ടത്തിൽ മുൻപിലേക്ക് കുതിക്കാൻ സാധിക്കും.

സഞ്ജു മാത്രമല്ല മറ്റുചില താരങ്ങളും റാങ്കിങ്ങിൽ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യക്കായി പരമ്പരയിൽ അരങ്ങേറ്റം കുറിച്ച നിതീഷ് റെഡ്ഡിയാണ് വലിയ മുന്നേറ്റം ഉണ്ടാക്കിയ മറ്റൊരു താരം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 34 പന്തുകളിൽ 74 റൺസ് നേടാൻ നിതീഷ് റെഡ്ഢിയ്ക്ക് സാധിച്ചിരുന്നു.

ഇതോടെ 255 സ്ഥാനങ്ങൾ മുന്നിലേക്ക് കുതിക്കാൻ നിതീഷിന് കഴിഞ്ഞു. ഇപ്പോൾ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 72ആം സ്ഥാനത്താണ് നിതീഷ് റെഡ്ഡി നിൽക്കുന്നത്. ഒപ്പം ഇന്ത്യയുടെ മധ്യനിര ബാറ്റർ റിങ്കു സിംഗും പരമ്പരയിൽ നിന്ന് മെച്ചങ്ങൾ ഉണ്ടായിട്ടുണ്ട്.

Read Also -  "അതെന്റെ തെറ്റ്, പിച്ച് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിച്ചില്ല". രോഹിത്

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 29 പന്തുകളിൽ 53 റൺസ് നേടാൻ റിങ്കു സിംഗിന് സാധിച്ചിരുന്നു. ഇതോടെ 22 സ്ഥാനങ്ങൾ റാങ്കിങ്ങിൽ മുൻപിലേക്ക് കയറാനും റിങ്കുവിന് കഴിഞ്ഞു. ഇപ്പോൾ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ 43ആം സ്ഥാനത്താണ് റിങ്കു സിങ്.

ഇന്ത്യയുടെ യുവ സ്പിന്നർ രവി ബിഷ്ണോയും ട്വന്റി20 റാങ്കിങ്ങിൽ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ 3 വിക്കറ്റുകളാണ് ബിഷണോയി നേടിയത്. ഇതോടെ 4 സ്ഥാനങ്ങൾ മുൻപിലേക്ക് കുതിക്കാൻ താരത്തിന് സാധിച്ചു. നിലവിൽ ട്വന്റി20 ബോളർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് രവി ബിഷണോയി നിൽക്കുന്നത്.

ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ്. മുഴുവൻ റാങ്കിങ് എടുത്തു പരിശോധിച്ചാൽ രണ്ടാം സ്ഥാനമാണ് സൂര്യ കയ്യടക്കിയിരിക്കുന്നത്. 818 റേറ്റിംഗ് പോയിന്റുകളാണ് സൂര്യകുമാർ യാദവിന് ഉള്ളത്. ഇന്ത്യയുടെ യുവ താരങ്ങളായ ജയസ്വാൾ ആറാം സ്ഥാനത്തും ഋതുരാജ് പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അവസരം ലഭിച്ചിരുന്നില്ലങ്കിലും ശുഭമാൻ ഗിൽ 25ാം സ്ഥാനത്തുണ്ട്.

Scroll to Top