“സഞ്ജുവിന് ധോണിയെപ്പോലെ അത്ഭുതം സൃഷ്ടിയ്ക്കാൻ സാധിക്കും ” മുൻനിരയിൽ ഇറക്കണമെന്ന് മുൻ സെലക്ടർ.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. പരമ്പര 3-2ന് ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. പ്രധാനമായും ഇന്ത്യയെ പരമ്പരയിൽ ബാധിച്ചത് ബാറ്റിംഗ് പ്രശ്നങ്ങൾ ആയിരുന്നു. സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങളൊക്കെയും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി

പലരെയും ഇന്ത്യ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമാണ് ബാറ്റിംഗിൽ മികവ് പുലർത്തിയത്. പരമ്പരയിൽ വളരെ പ്രതീക്ഷയോടെയായിരുന്നു സഞ്ജു സാംസൺ എത്തിയത്. എന്നാൽ സഞ്ജുവിന്റെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് പരമ്പരയിൽ കണ്ടത്. എന്നാൽ പരമ്പരക്ക് ശേഷം സഞ്ചു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം.

മഹേന്ദ്ര സിംഗ് ധോണിക്ക് സൗരവ് ഗാംഗുലി പിന്തുണ നൽകിയത് പോലെ സഞ്ജു സാംസനും ഇന്ത്യ പിന്തുണ നൽകണം എന്നാണ് കരീം പറയുന്നത്. ധോണിയുടെ കരിയർ ഉദാഹരണമായി എടുത്താണ് സാബ കരീം സംസാരിച്ചത്. “മഹേന്ദ്ര സിംഗ് ധോണി തന്റെ അഞ്ചാമത്തെ മത്സരത്തിലായിരുന്നു 148 റൺസ് നേടിയത്.

അതിനുശേഷം കുറച്ചു മാസങ്ങൾക്ക് ശേഷം 183 റൺസ് നേടി വീണ്ടും വീര്യം കാട്ടി. നിലവിൽ സഞ്ജു സാംസന്റെ പ്രതിഭ കണക്കിലെടുത്താൽ ഇത്തരം വലിയ ഇന്നിംഗ്സുകൾ അവനിൽ നിന്നും ഉണ്ടാവേണ്ടത് തന്നെയാണ്. എന്നാൽ അത്തരത്തിൽ ഒരു വമ്പൻ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല. അവന്റെ കരിയറിന് വഴിത്തിരിവാകുന്ന ഒരു വമ്പൻ ഇന്നിംഗ്സ് അധികം വൈകാതെ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.”- കരീം പറയുന്നു.

“എന്തുകൊണ്ടാണ് ഇന്ത്യ സഞ്ജു സാംസണെ ട്വന്റി20കളിൽ മുൻനിരയിൽ കളിപ്പിക്കാത്തത്? അങ്ങനെ കളിപ്പിക്കുകയാണെങ്കിൽ സഞ്ജുവിന് അത്ഭുതങ്ങൾ കാണിക്കാൻ സാധിച്ചേക്കും. മുൻപ് മഹേന്ദ്ര സിംഗ് ധോണിയെ സൗരവ് ഗാംഗുലി ടോപ് ഓർഡറിൽ കളിപ്പിക്കുകയുണ്ടായി. അതിന് ശേഷമാണ് ധോണി ഇന്ത്യയ്ക്കായി അത്ഭുത പ്രകടനങ്ങൾ കാഴ്ചവെച്ചത്. സഞ്ജുവിന് അത് ആവർത്തിക്കാനാവും എന്നാണ് ഞാൻ കരുതുന്നത്.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ സമയങ്ങളിൽ സഞ്ജു സാംസന് വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യ നൽകിയിരുന്നില്ല. വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് സഞ്ജുവിന് ലഭിച്ചത്. ശേഷം വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ മാത്രമാണ് സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകിയത്. ഇതിനൊപ്പം പലപ്പോഴും തന്റെ യഥാർത്ഥ പൊസിഷനിൽ നിന്ന് മാറി കളിക്കേണ്ട സാഹചര്യവും സഞ്ജുവിന് വന്നുചേർന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രധാനമായും മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഈ നമ്പറിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് സഞ്ജു കാഴ്ച വെച്ചിട്ടുള്ളത്.