പ്രതീക്ഷ നിലയ്ച്ചിട്ടില്ല, സഞ്ജുവിന് ഇനിയും ലോകകപ്പിൽ കളിക്കാം. അവസരം ഒരുങ്ങാൻ ഒരു കടമ്പ.

മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് നിർഭാഗ്യങ്ങളുടെ ഗാഥ തുടരുകയാണ്. കഴിഞ്ഞ സമയങ്ങളിലൊന്നും തന്നെ വലിയ ടൂർണമെന്റ് കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പല വലിയ ടൂർണമെന്റുകളുടെയും മുൻപ് ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ് പതിവ്. മാത്രമല്ല സ്ഥിരമായി ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരവും സഞ്ജുവിനെ തേടിയെത്തിയില്ല.

അതിന്റെ തുടർച്ചയെന്നോളം 2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഇന്ത്യ സഞ്ജു സാംസണിനെ ഒഴിവാക്കിയിരിക്കുകയാണ്. സഞ്ജുവിനെ മാത്രമല്ല രാജസ്ഥാൻ റോയൽസ് താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, പ്രസീദ് കൃഷ്ണ, ചാഹൽ എന്നിവരെയും ഇന്ത്യ മാറ്റി നിർത്തിയിരിക്കുന്നു. എന്നിരുന്നാലും ഈ മൂന്നു കളിക്കാരുടെയും പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനിയും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് ഒരുപക്ഷേ അവസരം ഈ കളിക്കാരെ തേടിയെത്തിയേക്കാം.

ചൊവ്വാഴ്ചയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചീഫ് അജിത്ത് അഗാർക്കർ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പുറത്തുവിട്ടത്. എന്നാൽ സ്ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 27 ആണ്. ഇതിനിടയ്ക്ക് എപ്പോൾ വേണമെങ്കിലും ഇന്ത്യയ്ക്ക് സ്ക്വാഡിലുള്ള ഒരാളെ പുറത്താക്കാനോ മറ്റൊരു താരത്തെ ഉൾപ്പെടുത്താനോ സാധിക്കും.

എന്നാൽ മറ്റൊരു താരത്തിന് പരിക്ക് സംഭവിക്കുകയാണെങ്കിൽ മാത്രമാണ് ഇന്ത്യ ഇതിന് തയ്യാറാവുക. ഒരുപക്ഷേ കെഎൽ രാഹുലിനെ പോലെ ഒരു കളിക്കാരന് പരിക്കേൽക്കുകയാണെങ്കിൽ സഞ്ജുവിനെ സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയേക്കും. ഇക്കാര്യത്തിൽ പൂർണ്ണമായ ബോധ്യമില്ല. എന്നിരുന്നാലും സഞ്ജു ആരാധകർക്ക് പ്രതീക്ഷ വയ്ക്കാൻ സാധിക്കും.

സ്ക്വാഡിൽ ഒരുപാട് താരങ്ങൾ അവസരങ്ങൾ അർഹിക്കുന്നുണ്ടെങ്കിലും പലരെയും ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വസ്തുതയാണ്. ഇതേപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. “കളിക്കാർ ടീമിൽ തങ്ങളുടെ സ്പോട്ടുകൾക്കായി ഇത്തരത്തിൽ പോരാടുന്നത് ടീമിനെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്.

ഇത്തരം വെല്ലുവിളികൾ ഉയരുമ്പോൾ കാര്യങ്ങൾ കൂടുതൽ കഠിനമായി മാറും. എന്നാൽ നിലവിൽ ആരൊക്കെയാണ് ഫോമിൽ കളിക്കുന്നതെന്നും ഏത് ടീമാണ് നമുക്ക് എതിരാളികളായുള്ളതെന്നും ഏത് കളിക്കാരനാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ മികവ് പുലർത്താൻ സാധിക്കുന്നതെന്നും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഇത് എല്ലായിപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ക്രിക്കറ്റിൽ എല്ലായിപ്പോഴും പല മികച്ച താരങ്ങളെയും ഒഴിവാക്കി ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും.”- രോഹിത് ശർമ പറഞ്ഞു.

ഏഷ്യാകപ്പ് ടൂർണമെന്റിനുശേഷം ഓസ്ട്രേലിയയ്ക്കെതിരെ 3 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. 2023 ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര എത്തുന്നത്. ഈ പരമ്പരയിലും സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും ഏതെങ്കിലും കളിക്കാരന് പരിക്കേൽക്കുകയാണെങ്കിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചേക്കും.

ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം സഞ്ജു സാംസൺ, പ്രസീദ് കൃഷ്ണ, രവിചന്ദ്രൻ അശ്വിൻ, തിലക് വർമ്മ എന്നിവരെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ റിസർവ് കളിക്കാരായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതൊക്കെയും സഞ്ജു അടക്കമുള്ള താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.