നിങ്ങൾ തഴയൂ, ഞാൻ തിരിച്ചുവരും. ശക്തമായ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ.

sanju samson poster

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയ ലോകത്ത് ഉയർന്നിരിക്കുന്നത്. ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ ഭേദപ്പെട്ട പ്രകടനങ്ങൾ തന്നെയാണ് സഞ്ജു സാംസൺ പുറത്തെടുത്തത്. എന്നാൽ ലോകകപ്പടക്കമുള്ള മൂന്നു വലിയ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കുകയാണ് ഉണ്ടായത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് തഴയപ്പെട്ടതിന് ശേഷം സഞ്ജു ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പുഞ്ചിരിക്കുന്ന ഒരു സ്മൈലിയാണ് സഞ്ജു സാംസൺ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത്. ശേഷം മറ്റൊരു പോസ്റ്റുമായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ.

ഇത്തരത്തിലുള്ള ഒഴിവാക്കലുകളൊന്നും തന്റെ മുന്നോട്ടുപോക്കിനെ യാതൊരു തരത്തിലും ബാധിക്കില്ല എന്ന് വെളിവാക്കുന്ന പോസ്റ്റാണ് സഞ്ജു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. “ഇങ്ങനെയൊക്കെ തന്നെയാണ് ഇക്കാര്യങ്ങൾ. എന്തായാലും ഞാൻ മുൻപോട്ട് പോവുക തന്നെ ചെയ്യും” എന്ന ശീർഷകത്തിൽ ഒരു ഫോട്ടോ സഞ്ജു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അനായാസം താൻ ബോളിനെ പ്രതിരോധിക്കുന്ന ഒരു ഫോട്ടോയാണ് സഞ്ജു ഈ ശീർഷകത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പ് അടക്കമുള്ള മത്സരങ്ങളിൽ നിന്ന് തന്നെ തഴഞ്ഞെങ്കിലും താൻ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് സഞ്ജു പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ്.

Read Also -  "ബാറ്റിങ്ങിൽ മതിയായ പ്രകടനം നടത്തിയില്ല. പക്ഷേ ബോളിങ്ങിൽ ഞങ്ങൾ മികവ് കാട്ടി "- ബുമ്ര പറയുന്നു..

ഇതാദ്യമായല്ല ഇന്ത്യൻ ടീം വലിയ ടൂർണമെന്റുകളിൽ നിന്ന് സഞ്ജു സാംസണെ മാറ്റി നിർത്തുന്നത്. 2022 ട്വന്റി20 ലോകകപ്പിലടക്കം ഇത്തരത്തിൽ ഒഴിവാക്കലുകൾ കാണാൻ സാധിച്ചിരുന്നു. ഈ രണ്ടു മാസങ്ങൾക്കിടയിൽ 3 വലിയ ടൂർണമെന്റുകളാണ് ഇന്ത്യൻ ടീം കളിക്കുന്നത്.

ഏഷ്യാകപ്പും ഏഷ്യൻ ഗെയിംസും ലോകകപ്പും. ഈ ടൂർണമെന്റ്കളിലൊക്കെയുമായി 40ലധികം താരങ്ങൾ ഇന്ത്യൻ ടീമിനായി അണിനിരന്നു. എന്നാൽ ഈ 40ലധികം കളിക്കാരിൽ സഞ്ജുവിനെ ഇന്ത്യ ഒരിടത്തും പരിഗണിച്ചില്ല. ഇതാണ് ആരാധകർക്കിടയിൽ പോലും വലിയ രോഷമുണ്ടാക്കിയത്.

തന്റെ കരിയറിലുടനീളം ഇത്തരത്തിലുള്ള തഴയപ്പെടലുകൾ സഞ്ജു അനുഭവിച്ചു കഴിഞ്ഞു. പലപ്പോഴും തുടർച്ചയായി ടീമിൽ കളിക്കാൻ അവസരം ലഭിക്കാത്തതാണ് സഞ്ജുവിന്റെ പ്രകടനങ്ങളെയും ബാധിക്കുന്നത്. എന്നിരുന്നാലും ഇത്തരം പ്രതിസന്ധികളെല്ലാം അതിജീവിച്ച് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സഞ്ജുവിനെ സ്ക്വാഡുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ശരാശരി പ്രകടനം പോലും പുറത്തെടുക്കാത്ത സൂര്യകുമാർ അടക്കമുള്ള കളിക്കാരെ ഉൾപ്പെടുത്തുന്നതാണ് ഇന്ത്യൻ ആരാധകരെ കൂടുതൽ ചൊടിപ്പിക്കുന്ന കാര്യം.

Scroll to Top