ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ വലിയ റെക്കോർഡുകളാണ് മലയാളി താരം സഞ്ജു സാംസൺ മറികടന്നിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു സഞ്ജു സ്വന്തമാക്കിയത്. 40 പന്തുകളിലാണ് ബംഗ്ലാദേശിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. ശേഷം ഇപ്പോൾ 47 പന്തുകളിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു മൂന്നക്കം കടന്നത്. ഇതോടെ ഇന്ത്യയ്ക്കായി ട്വന്റി20കളിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറി.
മത്സരത്തിൽ 9 സിക്സറുകൾ നേടിയായിരുന്നു സഞ്ജു സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 മത്സരത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും ഇതോടെ സഞ്ജു തന്റെ പേരിൽ കുറിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ താരം റൂസോയുടെയും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെയും പേരിലായിരുന്നു ഈ റെക്കോർഡ്. ഇരുവരും ഒരു മത്സരത്തിൽ 8 സിക്സറുകൾ വീതം നേടിയാണ് ഈ റെക്കോർഡിൽ എത്തിയത്.
മാത്രമല്ല 47 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡും സഞ്ജുവിന്റെ പേരിൽ ചേർക്കപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണിങ് ബാറ്ററായാണ് മലയാളി താരം സഞ്ജു സാംസൺ ക്രീസിലെത്തിയത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിലും പവർപ്ലേ ഓവറുകളിൽ സഞ്ജുവിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. കൃത്യമായ മോശം ബോളുകളെ കണ്ടെത്തി ആക്രമിച്ചാണ് സഞ്ജു ഇന്നിംഗ്സ് മുൻപോട്ട് കൊണ്ടുപോയത്.
പവർപ്ലേയിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് സഞ്ജുവിന്റെ വെടിക്കെട്ട് തന്നെയായിരുന്നു. ശേഷം 27 പന്തുകളിൽ തന്നെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാനും സഞ്ജുവിന് സാധിച്ചു. ഇതിന് ശേഷവും ആക്രമണ മനോഭാവം തന്നെയാണ് സഞ്ജു പുലർത്തിയത്. എതിർ ക്രീസിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് കൂടാരം കയറിയിട്ടും തന്റെ ആക്രമണത്തിൽ സഞ്ജു പിന്നിലേക്ക് പോയില്ല. ഇന്ത്യൻ സ്കോർ എങ്ങനെയും 200 കടത്തുക എന്ന ലക്ഷ്യത്തോടെ പൂർണമായ ആക്രമണമാണ് സഞ്ജു അഴിച്ചുവിട്ടത്. മത്സരത്തിൽ 50 പന്തുകളിൽ 107 റൺസാണ് സഞ്ജു നേടിയത്.