ട്വന്റി20 ലോകകപ്പ് ടീമിലെത്താൻ “പ്ലാൻ ബി”യുമായി സഞ്ജു. രഞ്ജി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.

ഇന്ത്യൻ ടീമിൽ നിരന്തരമായി അവസരങ്ങൾ നിഷേധിക്കപെട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിന് ടീമിന്റെ സ്ഥിര സാന്നിധ്യമാവാൻ സാധിച്ചിട്ടില്ല. ഇപ്പോൾ കേരളത്തിനായി രഞ്ജി ട്രോഫിയിൽ നായകനായി കളിക്കുകയാണ് സഞ്ജു.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സഞ്ജു അംഗമല്ല. എന്നാൽ ഇതിന് ശേഷം നടക്കുന്ന 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ ഒരു വാർത്ത പുറത്തുവരുന്നത്. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബംഗാളിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പന്തറിയാൻ രംഗത്തെത്തിയിരുന്നു. ലോകകപ്പ് മുന്നിൽ കണ്ടാണോ സഞ്ജു ഒരു ബോളറായി മാറാനുള്ള ശ്രമം നടത്തുന്നത് എന്ന് ആരാധകരടക്കം ചോദിക്കുന്നു.

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ബംഗാളിനെതിരായ മത്സരത്തിലാണ് സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്നും മാറി ബോളറായി രംഗത്തെത്തിയത്. രഞ്ജി ട്രോഫിയിൽ ഇത് രണ്ടാം തവണയാണ് സഞ്ജു ബോളറായി എത്തുന്നത്. ഗ്രൂപ്പ് ബിയിലെ ബംഗാളിനെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് സഞ്ജു ബോൾ എറിഞ്ഞത്.

ഈ സമയത്ത് കേരള താരം മുഹമ്മദ് അസറുദ്ദീൻ ആയിരുന്നു കീപ്പറായി വിക്കറ്റിന് പിന്നിൽ ഉണ്ടായിരുന്നത്. ഇന്നിംഗ്സിൽ ഓരോവർ ബോളറിഞ്ഞ സഞ്ജു സാംസൺ 11 റൺസ് വിട്ടു നൽകുകയുണ്ടായി. എന്നാൽ വിക്കറ്റുകൾ ഒന്നും തന്നെ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചില്ല. പക്ഷേ സഞ്ജുവിന്റെ ഈ നീക്കം വരുന്ന ലോകകപ്പ് മുന്നിൽ കണ്ടാണ് എന്ന് ആരാധകരടക്കം പറയുന്നു.

2023 ഏകദിന ലോകകപ്പിന് ശേഷം നടന്ന 2 ട്വന്റി20 പരമ്പരകളിലും ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സീരീസിലും ഇന്ത്യ സഞ്ജുവിനെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിൽ തന്നെ ആദ്യ ഏകദിന സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

ശേഷം സഞ്ജുവിൽ നിന്ന് വലിയൊരു പ്രകടനം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. ഈ സമയത്താണ് ബോളിംഗ് തന്ത്രങ്ങളുമായി സഞ്ജു ബോളിംഗ് ക്രീസിലേക്ക് എത്തിയത്. രഞ്ജി ട്രോഫിയിൽ വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മറുവശത്ത് ബംഗാളിനെതിരെ വളരെ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ജലജ് സക്സെന മത്സരത്തിൽ പൂർണമായും കേരളത്തിന്റെ ഹീറോയായി മാറുകയായിരുന്നു. മത്സരത്തിൽ ബംഗാളിന്റെ 9 വിക്കറ്റുകളാണ് സക്സേന നേടിയത്. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകളും സക്സേന സ്വന്തമാക്കി.

ഇതോടെ ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയം മത്സരത്തിൽ പിറന്നു. 6 മത്സരങ്ങളിൽ നിന്നാണ് കേരളം ആദ്യ വിജയം സ്വന്തമാക്കിയത്. 180 റൺസിനായിരുന്നു കേരളം ബംഗാളിനെ തോൽപ്പിച്ചത്. ഇതുവരെ ഈ സീസണിൽ 4 മത്സരങ്ങൾ സമനിലയിലാക്കിയ കേരളം ഗ്രൂപ്പിൽ മുംബൈക്കും ആന്ദ്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

Previous articleസര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ ഇലവനില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത.
Next articleഐപിഎല്ലിന് മുമ്പിൽ പിഎസ്എൽ ഒന്നുമല്ല. ലോകക്രിക്കറ്റിലെ വണ്ടർ എന്ന് സിക്കന്ദർ റാസ.