വീണ്ടും ഡക്കുമായി സഞ്ചു സാംസണ്‍. നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയത്. മത്സരത്തിൽ കേവലം 2 പന്തുകൾ നേരിട്ട സഞ്ജു സാംസൺ പൂജ്യനായി മടങ്ങുകയായിരുന്നു. മൂന്നാം മത്സരത്തിലെതിന് സമാനമായ രീതിയിൽ മാർക്കോ യാൻഡസന്റെ പന്തിൽ ബോൾഡായാണ് സഞ്ജു സാംസൺ കൂടാരം കയറിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു ഫോമിലേക്ക് എത്തുന്നതിന്റെ വലിയ സൂചന നൽകിയിരുന്നു. എന്നാൽ സഞ്ജുവിന്റെ ആരാധകരെ പോലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അടുത്ത 2 മത്സരങ്ങളിൽ ഉണ്ടായത്. മത്സരത്തിലെ മോശം പ്രകടനത്തോടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡും സഞ്ജു പേരിൽ ചേർക്കുകയുണ്ടായി.

ഇന്ത്യയ്ക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം തവണ പൂജ്യനായി മടങ്ങുന്ന താരം എന്ന റെക്കോർഡിൽ മൂന്നാം സ്ഥാനത്ത് എത്താൻ സഞ്ജുവിന് ഇതോടെ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ബാറ്റർ കെഎൽ രാഹുലിനെ മറികടന്നാണ് സഞ്ജു ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ഇതുവരെ തന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിൽ 6 തവണയാണ് സഞ്ജു പൂജ്യനായി മടങ്ങിയിട്ടുള്ളത്. ഇതിൽ സഞ്ജുവിന്റെ 5 ഡക്കുകളും പിറന്നത് 2024 ലാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

തന്റെ ട്വന്റി20 കരിയറിൽ 12തവണ പൂജ്യനായി പുറത്തായിട്ടുള്ള ഇന്ത്യയുടെ മുൻ ട്വന്റി20 നായകൻ രോഹിത് ശർമയാണ് ലിസ്റ്റിലെ ഒന്നാം നമ്പരുകാരൻ. ഇന്ത്യയുടെ മറ്റൊരു സൂപ്പർ താരമായ വിരാട് കോഹ്ലി ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

7 തവണയാണ് അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ വിരാട് പൂജ്യനായി മടങ്ങിയിട്ടുള്ളത്. ശേഷമാണ് ഇപ്പോൾ സഞ്ജു സാംസൺ സ്ഥാനം പിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി 5 തവണ പൂജ്യനായി മടങ്ങിയ രാഹുലാണ് ലിസ്റ്റിലെ നാലാമൻ. 4 തവണ ട്വന്റി20 മത്സരങ്ങളിൽ പൂജ്യനായി മടങ്ങിയിട്ടുള്ള ശ്രേയസ് അയ്യർ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിൽ തുടരുന്നു.

മത്സരത്തിൽ മാർക്കോ യാൻസൺ എറിഞ്ഞ പന്തിന്റെ ലെങ്ത് നിർണയിക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെടുകയായിരുന്നു. സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞാണ് യാൻസൻ മികവു പുലർത്തിയത്. ഇതോടെ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് മൂന്നാം ട്വന്റി20 മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രമൺദ്വീപ് സിംഗ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Previous articleരോഹിതും കോഹ്ലിയുമല്ല, എന്നെ ഭയപ്പെടുത്തുന്ന ഇന്ത്യൻ താരം അവനാണ്.
Next articleതിലകിന്റെ സെഞ്ചുറി. യാന്‍സന്‍റെ പോരാട്ടം. ത്രില്ലിംഗ് വിജയവുമായി ഇന്ത്യ.