ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ സൂര്യകുമാർ യാദവും ഗൗതം ഗംഭീറും സഞ്ജുവിന് തുടർച്ചയായി 3 അവസരങ്ങൾ നൽകുകയുണ്ടായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസും, രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസുമാണ് സഞ്ജു നേടിയത്. ഇതിന് മുൻപുള്ള സാഹചര്യങ്ങൾ പരിശോധിച്ചാൽ, സഞ്ജുവിന് മൂന്നാമതൊരു അവസരം ഇന്ത്യൻ ടീം നൽകില്ല. പക്ഷേ അത്തരമൊരു റിസ്ക് എടുക്കാൻ സൂര്യയും ഗംഭീറും തയ്യാറായി. അതിന് വലിയൊരു പ്രതിഫലം തന്നെയാണ് ലഭിച്ചത്.
മൂന്നാം മത്സരത്തിൽ ഒരു അത്യുഗ്രൻ സെഞ്ചുറിയുമായാണ് സഞ്ജു സാംസൺ കളം നിറഞ്ഞത്. മത്സരത്തിൽ 40 പന്തുകളിൽ നിന്നാണ് സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ഒരു തകർപ്പൻ റെക്കോർഡും സഞ്ജു തന്റെ പേരിൽ ചേർക്കുകയുണ്ടായി. ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് സഞ്ജു സാംസൺ നേടിയത്.
Player Name | Matches Played | High Score |
SV Samson | 17 | 111 |
Ishan Kishan | 16 | 89 |
RR Pant | 64 | 65* |
KL Rahul | 8 | 57* |
MS Dhoni | 98 | 56 |
RV Uthappa | 2 | 42 |
KD Karthik | 19 | 39* |
JM Sharma | 9 | 35 |
PA Patel | 1 | 26 |
NV Ojha | 2 | 10 |
DC Jurel | 2 | 6 |
ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങൾ ഇന്ത്യയ്ക്കായി ട്വന്റി20 മത്സരങ്ങളിൽ ഓപ്പണിങ് ഇറങ്ങിയിട്ടുണ്ടെങ്കിലും, ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. സഞ്ജുവിന്റെ പ്രതിഭ വിളിച്ചോതുന്ന ഒരു സെഞ്ച്വറിയാണ് മത്സരത്തിൽ താരം നേടിയത്.
എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ക്രീസിൽ നിന്ന് റൺസ് കണ്ടെത്താനല്ല മത്സരത്തിൽ സഞ്ജു ശ്രമിച്ചത്. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണം തന്നെയായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. പവർപ്ലേ ഓവറുകളിൽ കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്തി, സഞ്ജു ബൗണ്ടറികൾ നേടി. അതിന് ശേഷം തുടർച്ചയായി ബോളർമാരെ സിക്സറിന് പായിച്ചു. സിക്സറിന് ഒരു ക്ഷാമവുമില്ലാത്ത ഇന്നിംഗ്സാണ് സഞ്ജു ഹൈദരാബാദിൽ കാഴ്ചവെച്ചത്.
കൂറ്റനടികൾ കൊണ്ട് ഇന്ത്യൻ ആരാധകരെ പൂർണ്ണമായും കയ്യിലെടുക്കാൻ മലയാളി താരത്തിന് സാധിച്ചു. ഇതൊരു തുടക്കം മാത്രമായി മാറണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രാർത്ഥന. ഇനി ദക്ഷിണാഫ്രിക്കെതിരെയാണ് ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പര നടക്കാനിരിക്കുന്നത്. ഈ പരമ്പരയിൽ സഞ്ജു സാംസൺ കളിക്കുമെന്ന് ഉറപ്പാണ്.