സഞ്ജുവും ജെയ്സ്വാളും ഉമ്രാനും ഇന്ത്യൻ ടീമിലേക്ക്. വിൻഡിസിനെതിരെ വലിയ പരീക്ഷണത്തിന് ഇന്ത്യ.

2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ് സർക്കിളിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുകയാണ് വിൻഡിസ് ടെസ്റ്റ് പരമ്പര. അതിനോടൊപ്പം ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും ഇന്ത്യ വിൻഡീസിൽ കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് ഇന്ത്യ തയ്യാറാവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ക്രിക്ബസ് പുറത്തുവിട്ടിരിക്കുന്നത്. വിൻഡീസ് പര്യടനത്തിൽ ഇന്ത്യ ടെസ്റ്റ് ടീമിൽ ചില മാറ്റങ്ങൾക്ക് തയ്യാറാവുകയാണ്. ഒപ്പം സഞ്ജു അടക്കമുള്ള യുവതാരങ്ങളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്യാൻ ഒരുങ്ങുന്നു. ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, രഹാനെ എന്നീ നാല് താരങ്ങളെ നിലനിർത്താൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം പൂജാരയുടെ ടീമിലെ സ്ഥാനം സംബന്ധിച്ചുള്ള സംശയങ്ങൾ നിലനിൽക്കുകയാണ്.

ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ മൂന്നാം നമ്പറിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല പൂജാര കാഴ്ചവച്ചത്. കഴിഞ്ഞ 52 ഇന്നിംഗ്സുകൾക്കുള്ളിൽ ഒരു സെഞ്ച്വറി മാത്രമാണ് ഇന്ത്യക്കായി പൂജാര നേടിയിട്ടുള്ളത്. 29.69 ശരാശരിയിലാണ് 2020നു ശേഷം പൂജാര കളിച്ചിരുന്നത്. അതിനാൽ തന്നെ വിൻഡീസിനെതിരെ ഇന്ത്യ പൂജാരയെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതകൾ കുറവാണ്. അങ്ങനെയെങ്കിൽ പൂജാരയ്ക്ക് പകരക്കാരനായി സർഫറാസ് ഖാനെയോ ജെയിസ്വാളിനെയോ മൂന്നാം നമ്പറിൽ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. പൂജാരയ്ക്കൊപ്പം ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷാമിക്കും പര്യടനത്തിൽ വിശ്രമം അനുവദിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മികവാർന്ന പ്രകടനം പുറത്തെടുത്തെങ്കിലും വിശ്രമമില്ലാതെ ബോളിംഗ് തുടരുകയാണ് മുഹമ്മദ് ഷാമി ഇപ്പോൾ. ഇന്ത്യൻ പ്രീമിയർ ലീഗൽ 17 മത്സരങ്ങൾ മുഹമ്മദ് ഷാമി കളിക്കുകയുണ്ടായി. അതിനാൽ തന്നെ മുഹമ്മദ് ഷാമിക്ക് അല്പം വിശ്രമം നൽകാനാണ് ഇന്ത്യ തയ്യാറാകുന്നത്.

ഇതോടൊപ്പം മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചേക്കും എന്ന വാർത്തകൾ ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. ഇവർക്ക് പകരം അർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരെ സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്താനാണ് സാധ്യത. ഉമ്രാൻ മാലിക് ഐപിഎല്ലിൽ കേവലം എട്ടു മത്സരങ്ങൾ മാത്രമാണ് ഇത്തവണ കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യ മാലികിനെ തിരികെ വിളിക്കാൻ തയ്യാറാവുകയാണ്. എന്നാൽ ടെസ്റ്റ് മത്സരങ്ങൾക്കാണോ ഏകദിനങ്ങൾക്കാണോ ട്വന്റി20 മത്സരങ്ങൾക്കാണോ ഉമ്രാനെ ഇന്ത്യ ടീമിലെത്തിക്കുക എന്നത് വ്യക്തമല്ല.

ഫൈനലിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എസ് ഭരത് മികച്ച പ്രകടനങ്ങളല്ല കാഴ്ചവച്ചിട്ടുള്ളത്. എന്നിരുന്നാലും ഭരതിന് ഇന്ത്യ വിൻഡീസ് പര്യടനത്തിൽ കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഏകദിന ട്വന്റി20 സ്ക്വാഡുകളിലേക്ക് ഇഷാൻ കിഷനൊപ്പം സഞ്ജു സാംസനും തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ 5 ട്വന്റി20കൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിൽ കളിക്കുന്നത്. അതിനാൽ തന്നെ സഞ്ജു സാംസണടക്കമുള്ള കളിക്കാരുടെ കൃത്യമായ പ്രാതിനിധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണ്. എന്തായാലും യുവതാരങ്ങളെ കൂടുതൽ അണിനിരത്തിയുള്ള പരമ്പര തന്നെയാണ് വിൻഡീസിൽ നടക്കാൻ പോകുന്നത്.

Previous articleലൈനപ്പില്‍ ആ 3 പേരെ ഉൾപ്പെടുത്തൂ. വിൻഡീസിനെതിരെ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് കാർത്തിക്ക്
Next articleപരിക്ക് ഭേദം, ഇന്ത്യയ്ക്കായി ഏഷ്യകപ്പിലൂടെ അവൻ തിരിച്ചെത്തും. സൂപ്പർ താരത്തിന്റെ മടങ്ങിവരവ്.