ഇന്ത്യൻ പ്രീമിയർ ലിഗിൽ ഇന്ന് സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയാണ്. ഇരു ടീമുകളും ഇതുവരെ സീസണിൽ, കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇരു ടീമുകൾക്കും നിർണായകമായ മത്സരമാണ് ചെപ്പോക്കിൽ നടക്കാൻ പോകുന്നത്. അതോടൊപ്പം മത്സരത്തിൽ ഒരുപാട് റെക്കോർഡുകളും ഇരു ടീമിലെ താരങ്ങളെയും കാത്തിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട പല റെക്കോർഡുകളും സഞ്ജു സാംസണ് മറികടക്കാൻ സാധിക്കുന്നതാണ്.
മത്സരത്തിൽ സഞ്ജു സാംസൺ 54 റൺസ് കൂടി നേടുകയാണെങ്കിൽ രാജസ്ഥാൻ റോയൽസ് ടീമിനായി 3000 റൺസ് ഐപിഎല്ലിൽ നേടുന്ന ആദ്യ ക്രിക്കറ്ററായി സഞ്ജു സാംസൺ മാറും. അഥവാ സഞ്ജു സാംസൺ മത്സരത്തിൽ പൂജ്യനായി പുറത്തായാലും സഞ്ജുവിനെ കാത്ത് റെക്കോർഡ് ഇരിപ്പുണ്ട്. രാജസ്ഥാനായി ഏറ്റവുമധികം തവണ പൂജ്യനായി പുറത്തായ താരം എന്ന റെക്കോർഡ് സഞ്ജുവിന്റെ പേരിൽ ചേർക്കപ്പെടും. നിലവിൽ ഏഴ് തവണ രാജസ്ഥാനായി പൂജ്യരായി പുറത്തായിട്ടുള്ള ഷെയിൻ വോണും സ്റ്റുവർട്ട് ബിന്നിയുമാണ് ഈ റെക്കോർഡിൽ സഞ്ജുവിനൊപ്പം നിൽക്കുന്നത്.
തുടർച്ചയായി 34ആം മത്സരത്തിലാണ് സഞ്ജു സാംസൺ രാജസ്ഥാനെ നയിക്കാൻ തയ്യാറാവുന്നത്. ഈ സീസണിലെ മറ്റു നായകന്മാരാരും തന്നെ തുടർച്ചയായി 34 മത്സരങ്ങളിൽ തങ്ങളുടെ ടീമിനെ നയിച്ചിട്ടില്ല. സഞ്ജുവിന് ഒപ്പം ജോസ് ബട്ലറെ കാത്തും കുറച്ചധികം റെക്കോർഡുകൾ മത്സരത്തിൽ നിലനിൽക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 3000 റൺസ് തികയ്ക്കാൻ ജോസ് ബട്ലർക്ക് ആവശ്യമായുള്ളത് വെറും 17 റൺസ് ആണ്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 84 ഇന്നിങ്സുകൾ കളിച്ചിട്ടുള്ള ബട്ലർ 2983 റൺസ് നേടിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകൾ മത്സരത്തിൽ തകർത്തെറിയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 27 മത്സരങ്ങളിൽ രാജസ്ഥാൻ ചെന്നൈയോടെ ഏറ്റുമുട്ടിയപ്പോൾ, 12 മത്സരങ്ങളിൽ മാത്രമായിരുന്നു വിജയം കാണാൻ സാധിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളാണ് രാജസ്ഥാന് മത്സരത്തിൽ ഭീഷണിയായി നിലനിൽക്കുക. എന്തായാലും മത്സരത്തിൽ തീപാറും എന്ന് ഉറപ്പാണ്.