ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈയ്ക്കെതിരെ വിജയിച്ച് പോയിന്‍റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. 23 റൺസിനായിരുന്നു മുംബൈയെ രാജസ്ഥാൻ തോൽപ്പിച്ചത്. കെ കെ ആറിനെ പിന്തള്ളിയാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച ക്യാപ്റ്റൻസി ആയിരുന്നു സഞ്ജുവിൻ്റേത്. എടുത്ത തീരുമാനങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
തൻറെ ടീമിന്‍റെ ബൗളിംഗ് പ്രകടനത്തെ അദ്ദേഹം മത്സരത്തിനുശേഷം അഭിനന്ദിച്ചു. പൊള്ളാർഡ് ക്രീസിൽ ഉണ്ടായിരുന്നിട്ടും മികച്ച രീതിയിൽ രാജസ്ഥാൻ പന്തെറിഞ്ഞു. ഇതിനെയാണ് സഞ്ജു അഭിനന്ദിച്ചത്.
സഞ്ജുവിൻ്റെ വാക്കുകളിലൂടെ.. “ഇതൊരു നല്ല വിജയമായിരുന്നു.പൊള്ളാർഡ് അവസാനം വരെ ഉണ്ടായിരുന്നിട്ടും ഞങ്ങൾ നന്നായി കളിച്ചു. മുംബൈ ഇന്ത്യൻസ് പോലുള്ള ടീമുമായി കളിക്കുമ്പോൾ അവർ നന്നായി പൊരുതും എന്ന് ഉറപ്പാണ്. അതുകൊണ്ട് നമ്മുടെ ടീമിലെ ഡെത്ത് ബൗളെർസിനെ വിശ്വസിക്കേണ്ടതുണ്ട്, അതാണ് ഞാൻ ചെയ്തതും.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കഴിഞ്ഞാൽ അത് കളി തിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നമ്മളുടെ ബൗളർമാരെ വിശ്വസിക്കേണ്ടതുണ്ട്. എല്ലാം അവരിൽ വിശ്വസിക്കുന്നതിലാണ്. ടൂർണമെൻറ് പുരോഗമിക്കുമ്പോൾ, ജയിച്ചാലും തോറ്റാലും ഇനിയും കുറെ പഠിക്കാൻ ഉണ്ട്.”- സഞ്ജു പറഞ്ഞു.