മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത് 39ാം ഓവര്‍. പൊരുതി കീഴടങ്ങി സഞ്ചു സാംസണ്‍

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ സൗത്താഫ്രിക്കക്ക് വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 40 ഓവറില്‍ 240 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. മലയാളി താരം സഞ്ചു സാംസണ്‍ അവസാനം വരെ പൊരുതിയെങ്കിലും വിജയിക്കാനായില്ലാ.

51 ന് 4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ചു ക്രീസിലേക്കെത്തുന്നത്. സ്ട്രൈക്ക് കൈമാറി ബൗണ്ടറികള്‍ അടിച്ചും ശ്രേയസ്സ് അയ്യരും താക്കൂറുമായി മികച്ച കൂട്ടുകെട്ടാണ് സഞ്ചു സാംസണ്‍ സൃഷ്ടിച്ചത്.

6 ഓവറില്‍ 82 റണ്‍സ് വേണമെന്നിരിക്കെ എന്‍ഗീഡിയെ സിക്സടിച്ച് സഞ്ചു സാംസണ്‍ തുടങ്ങി. അടുത്ത ഓവറില്‍ തന്‍റെ കരിയറിലെ രണ്ടാം ഏകദിന ഫിഫ്റ്റി 49 പന്തില്‍ നിന്നും നേടി. ഷംസിയെ തുടര്‍ച്ചയായ രണ്ട് ഫോറുകള്‍ അടിച്ചു.

എന്‍ഗീഡിയുടെ ഓവറില്‍ 31 പന്തില്‍ 33 റണ്‍സ് നേടിയ താക്കൂര്‍ പുറത്തായി.തൊട്ടടുത്ത പന്തില്‍ കുല്‍ദീപും പുറത്തായി. റബാഡ എറിഞ്ഞ 39ാം ഓവറാണ് മത്സരത്തില്‍ വഴിത്തിരിവായത്. ആ ഓവറില്‍ സഞ്ചുവിന് ബാറ്റ് ചെയ്യാന്‍ കിട്ടിയില്ലാ. അവസാന ഓവറില്‍ 30 റണ്‍ വേണമെന്നിരിക്കെ സിക്സും 3 ഫോറുമടിച്ചെങ്കിലും വിജയം അകന്നു നിന്നു.

അവസാനം വരെ പൊരുതയാണ് സഞ്ചു കീഴടങ്ങിയത്. 63 പന്തില്‍ 9 ഫോറും 3 സിക്സും അടക്കം 86 റണ്‍സാണ് നേടിയത്.