ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ. റെക്കോർഡ് സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസന്റെ ആറാട്ട്. മത്സരത്തിൽ അത്യുഗ്രൻ വെടിക്കെട്ട് തീർത്ത് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജു സാംസണ് സാധിച്ചു. 40 പന്തുകളിൽ നിന്നാണ് മത്സരത്തിൽ സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.

പല റെക്കോർഡുകളും ഭേദിച്ചാണ് മലയാളി താരം അഹമ്മദാബാദിൽ അഴിഞ്ഞാടിയത്. ആദ്യ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ സഞ്ജു വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഒരു വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജു കളം നിറഞ്ഞിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ആദ്യ ഓവർ മുതൽ സഞ്ജു സാംസൺ താളം കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറിൽ ടസ്കിൻ അഹമ്മദിനെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു തന്റെ സംഹാരം ആരംഭിച്ചത്. ഓവറിൽ തുടർച്ചയായി 4 ബൗണ്ടറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അല്പം ലെഗ് സൈഡിലേക്ക് ഇറങ്ങി നിന്ന് സ്റ്റമ്പുകൾ പൂർണമായും ബോളർക്ക് നൽകിക്കൊണ്ടാണ് സഞ്ജു 4 ബൗണ്ടറികളും കണ്ടെത്തിയത്. പിന്നീട് മുസ്തഫിസൂർ എറിഞ്ഞ നാലാം ഓവറിൽ സഞ്ജു നേടിയ സ്ട്രൈറ്റ് സിക്സറും വലിയ രീതിയിൽ ശ്രദ്ധ നേടി.

പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും സഞ്ജുവിന്റെ ആക്രമണമാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെയും കൂട്ടുപിടിച്ച് സഞ്ജു എല്ലാത്തരത്തിലും താണ്ഡവമാടുകയായിരുന്നു. മത്സരത്തിൽ 22 പന്തുകളിലാണ് സഞ്ജു തന്റെ അർത്ഥസെഞ്ച്വറി നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഏറ്റവും വേഗതയിൽ അർധസെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സഞ്ജു ഇതോടെ സ്വന്തമാക്കുകയും ചെയ്തു. ഇതിന് ശേഷവും സഞ്ജു സാംസൺ തന്റെ സംഹാരം തുടരുകയായിരുന്നു. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ സഞ്ജുവിന് കഴിഞ്ഞു.

റിഷാദ് ഖാൻ എറിഞ്ഞ പത്താം ഓവറിൽ സിക്സറുകൾ കൊണ്ട് സഞ്ജു ആറടുകയായിരുന്നു. ഓവറിലെ ആദ്യ പന്ത് ഡോട്ട്ബോൾ ആയി മാറിയെങ്കിലും തുടർച്ചയായി 5 പന്തുകളിൽ സിക്സർ നെടി സഞ്ജു ഇന്ത്യൻ ആരാധകരെയും ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ഞെട്ടിച്ചു. മത്സരത്തിൽ സഞ്ജുവിന്റെയും സൂര്യയുടെയും മികവിൽ 11 ഓവറുകൾക്കുള്ളിൽ തന്നെ 160 റൺസ് പിന്നിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷമാണ് സഞ്ജു സാംസൺ തന്റെ ആദ്യ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കിയത്. 40 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി.9 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്

Previous article“സഞ്ജു കളിച്ചത് ടീം ആവശ്യപെട്ട രീതിയിൽ. ഇനിയും അവസരം നൽകും”, പിന്തുണയുമായി ഇന്ത്യൻ കോച്ച്.
Next articleറെക്കോർഡുകൾ മറികടന്ന് സഞ്ജു ഷോ. വേഗമേറിയ സെഞ്ചുറികളിൽ രണ്ടാം സ്ഥാനത്ത്.