ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ സഞ്ജു സാംസൺ. മത്സരത്തിൽ 4 പന്തുകളിൽ 2 റൺസ് മാത്രമാണ് സഞ്ജു സാംസന് നേടാൻ സാധിച്ചത്. നിർഭാഗ്യകരമായ ഒരു റൺഔട്ടിലൂടെയായിരുന്നു സഞ്ജു കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച ഒരു തിരിച്ചുവരവ് നടത്തിയ സഞ്ജുവിനെ സംബന്ധിച്ച് നിരാശാജനകമായ പുറത്താകൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ജയിസ്വാൾ പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. താരതമ്യേന കാഠിന്യമേറിയ പിച്ചിൽ വളരെ പതിയെയാണ് സഞ്ജു തുടങ്ങിയത്. ആദ്യ 4 പന്തുകളിൽ 2 റൺസ് മാത്രമായിരുന്നു സഞ്ജു നേടിയത്. ശേഷം അനാവശ്യമായ ഒരു റൺഔട്ടിലൂടെ സഞ്ജു പുറത്താവുകയുണ്ടായി. രവി ബിഷണോയി എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിട്ട് റൺസിന് ശ്രമിക്കുകയായിരുന്നു ബട്ലർ. എന്നാൽ ഇരുവർക്കും ഇടയിലുണ്ടായ കൺഫ്യൂഷൻ വിക്കറ്റിൽ കലാശിച്ചു. ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് സഞ്ജു സാംസൺ ഒറ്റയക്കത്തിന് കൂടാരം കയറുന്നത്.
ജയ്പൂരിലെ കാഠിന്യമേറിയ പിച്ചിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ആദ്യ ഓവറുകളിൽ വിക്കറ്റ് നേടാൻ സാധിച്ചില്ലെങ്കിലും ലക്നൗ ബാറ്റർമാരെ കടിഞ്ഞാണിടുന്നതിൽ രാജസ്ഥാൻ ബോളർമാർ വിജയിക്കുകയുണ്ടായി. ഇന്നിങ്സിന്റെ ഒരു സമയത്തും സ്കോറിങ് റേറ്റ് ഉയർത്താൻ രാജസ്ഥാന് സാധിച്ചില്ല. രാജസ്ഥാനായി കൈൽ മേയേഴ്സ് 42 പന്തുകൾ നേരിട്ട് 51 റൺസും, കെഎൽ രാഹുൽ 32 പന്തുകളിൽ 39 റൺസും നേടുകയുണ്ടായി. എന്നാൽ ശേഷമെത്തിയ ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. അവസാന ഓവറുകളിൽ സ്റ്റോയിനീസ് 16 പന്തുകളിൽ 21 റൺസും, പൂറൻ 20 പന്തുകളിൽ 29 റൺസും നേടി. ഇതോടെ ലക്നൗ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 154 റൺസായിരുന്നു ലക്നൗ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിൽ അതിസൂക്ഷ്മമായി തന്നെയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർമാർ തുടങ്ങിയത്. ജോസ് ബട്ലർ ഒരുവശത്ത് ക്രീസിലുറച്ചപ്പോൾ മറുവശത്ത് ജയ്സ്വാളാണ് ആക്രമണം അഴിച്ചുവിട്ടത്. ജയസ്വാൾ മത്സരത്തിൽ 35 പന്തുകളിൽ 44 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 2 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ജോസ് ബട്ലർക്ക് ഒപ്പം ചേർന്ന് ആദ്യ വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടാണ് ജെയിസ്വാൾ കെട്ടിപ്പടുത്തത്.