ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് തോല്‍പ്പിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. വിജയലക്ഷ്യത്തിനായി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (32 പന്തില്‍ 34) നിതീഷ് റാണ (37 പന്തില്‍ 48) റിങ്കു സിങ്ങ് (23 പന്തില്‍ 42) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു.
മത്സരത്തില്‍ രാജസ്ഥാനു പ്രതികൂലമായ ഒരു തീരുമാനം സഞ്ചു സാംസണിന്‍റെ ഒറ്റയാന്‍ തീരുമാനത്തിലൂടെ മാറ്റിയിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട കൊല്‍ക്കത്തക്ക് കരുത്തേക്കിയത് ശ്രേയസ്സ് അയ്യരും – നിതീഷ് റാണയും ചേര്‍ന്ന കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 43 പന്തില്‍ 60 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
ട്രെന്‍റ് ബോള്‍ട്ടാണ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്. 13ാം ഓവറില്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബാറ്റിനരികിലൂടെ ബോള്‍ കടന്നു പോവുകയും സഞ്ചു സാംസണ്‍ ക്യാച്ച് നേടുകയും ചെയ്തു. ബോള്‍ട്ട് കാര്യമായി അപ്പീല്‍ ചെയ്തിലെങ്കിലും ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ശക്തമായി അപ്പീല്‍ നടത്തി. എന്നാല്‍ അംപയര്‍ വൈഡ് വിളിച്ചു.
കോണ്‍ഫിഡന്‍റ് ആയിരുന്ന മലയാളി ക്യാപ്റ്റന്‍ ഉടന്‍ തന്നെ റിവ്യൂ ചെയ്തു. റിവ്യൂവില്‍ ഗ്ലൗസില്‍ തട്ടിയാണ് പന്ത് പോയത് എന്ന് വ്യക്തമായതോടെ അംപയറിനു തീരുമാനം മാറ്റേണ്ടി വന്നു. 32 പന്തില്‍ 3 ഫോറും 1 സിക്സും അടക്കം 34 റണ്ണാണ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ നേടിയത്.