സഞ്ജു ഓപ്പണർ, തിലക് വർമ മൂന്നാം നമ്പറിൽ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ.

5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ട് ടീമിനെതിരെ കളിക്കാൻ തയ്യാറാവുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ജനുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത 4 മത്സരങ്ങൾ ചെന്നൈ, രാജ്കോട്ട്, പൂനെ, മുംബൈ എന്നിവിടങ്ങളിൽ നടക്കും. 15 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിനെയാണ് ഇന്ത്യ ഇതിന് മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ സ്ക്വാഡിൽ അക്ഷർ പട്ടേലാണ് ഉപനായകൻ. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം മാറിനിന്ന മുഹമ്മദ് ഷാമി, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങളെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും ശക്തമായ സ്ക്വാഡ് പരിശോധിക്കാം.

കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ ഓപ്പണറായി പരമ്പരയിൽ ഇറങ്ങാൻ ഏറ്റവും അനുയോജ്യൻ. ഒപ്പം അഭിഷേക് ശർമയും ഓപ്പണിഗിൽ സഞ്ജുവിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ മികവ് പുലർത്താൻ സാധിച്ചില്ലെങ്കിലും തന്റെ ട്വന്റി20 കരിയറിൽ മികച്ച തുടക്കമായിരുന്നു അഭിഷേകിന് ലഭിച്ചത്. ശേഷം മൂന്നാം നമ്പരിൽ ഇന്ത്യ തിലക് വർമയെ ഇറക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ 2 സെഞ്ച്വറികൾ സ്വന്തമാക്കി തിലക് വർമ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

നായകൻ സൂര്യകുമാർ യാദവാവും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ. ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും വെടിക്കെട്ട് താരം റിങ്കു സിംഗ് ആറാം നമ്പറിലും കളിക്കാനാണ് സാധ്യത. ഓൾറൗണ്ടർ നിലയിൽ ഇന്ത്യയ്ക്ക് എപ്പോഴും ഗുണം ചെയ്തിട്ടുള്ള അക്ഷർ പട്ടെലാണ് ഏഴാം നമ്പരിൽ ഇന്ത്യക്കായി ബാറ്റ് ചെയ്യാൻ സാധ്യത. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ മികവ് പുലർത്താൻ സാധിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അക്ഷർ പട്ടേൽ. അതുകൊണ്ടു തന്നെ അക്ഷർ ടീമിൽ ഇടംപിടിക്കും എന്ന് ഏകദേശം ഉറപ്പാണ്.

ഇംഗ്ലണ്ടിനെതിരെ പേസ് ബോളിംഗ് നിരയിൽ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് അർഷദീപ് സിംഗ് തന്നെയാണ്. 2024 ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ ബോളർക്ക് സാധിച്ചിരുന്നു. ശേഷം പരിക്കിൽ നിന്ന് തിരികെയെത്തുന്ന മുഹമ്മദ് ഷാമിയും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചേക്കും. സ്പിന്നർമാരായി ഇന്ത്യ ആദ്യ പരിഗണന നൽകുന്നത് രവി ബിഷണോയ്ക്കായിരിക്കും. ശേഷം വരുൺ ചക്രവർത്തിയും ടീമിൽ അണിനിരക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. ഇത്തരത്തിൽ ഒരു ശക്തമായ ടീമിനെയാവും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൈതാനത്ത് ഇറക്കുക.

Previous articleറിഷഭ് പന്തല്ല, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവാണ് കളിക്കേണ്ടത്. ഹർഭജൻ സിംഗ് പറയുന്നു.