ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് മുൻനിര ബാറ്റർമാർ തന്നെയാണ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും മികവാർന്ന പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ വെടിക്കെട്ടിന് തുടക്കം കുറിച്ചത് സഞ്ജു സാംസൺ ആയിരുന്നു.
പിന്നീട് അഭിഷേക് ശർമ ഇന്ത്യക്കായി നിറഞ്ഞാടി. സഞ്ജു 26 റൺസ് നേടി പുറത്തായപ്പോൾ അഭിഷേക് ശർമ 33 പന്തുകളിൽ 79 റൺസ് നേടി. 20 പന്തുകളിലാണ് അഭിഷേക് തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. ഈ ഇന്നിങ്സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് അഭിഷേക് ശർമ.
സഞ്ജുവുമായി ഓപ്പണിങ്ങിൽ പങ്കുവെക്കുന്ന സമയത്തെ പറ്റി സംസാരിക്കുകയായിരുന്നു അഭിഷേക് ശർമ. മറുവശത്ത് സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നതുകൊണ്ട് തന്നെ ക്രീസിലുറയ്ക്കാൻ തനിക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ട് എന്ന് അഭിഷേക് ശർമ പറയുകയുണ്ടായി. ഇത് തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു എന്നും അഭിഷേക് കൂട്ടിച്ചേർത്തു. എതിർ ക്രീസിൽ നിന്ന് സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ആസ്വദിക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്ന് അഭിഷേക് പറഞ്ഞു. ഏറ്റവും അടുത്തു നിന്ന് അത് കാണാൻ സാധിക്കുന്നതിൽ തനിക്കുള്ള സന്തോഷവും അഭിഷേക് പങ്കുവെച്ചു.
“ഞാൻ കുറച്ചു മത്സരങ്ങളിലായി അത്ര ഫോമിലായിരുന്നില്ല. അതുകൊണ്ടു തന്നെ ടീമിൽ പിടിച്ചു നിൽക്കാൻ എനിക്കൊരു വമ്പൻ പ്രകടനം ആവശ്യമായിരുന്നു. ഇംഗ്ലണ്ടിന്റെ ബോളർമാർ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറുവശത്ത് സഞ്ജു സാംസൺ ഉള്ളത് കൊണ്ടുതന്നെ ക്രീസിലുറയ്ക്കാൻ എനിക്ക് കൂടുതൽ സമയം ലഭിച്ചു. അത് എന്നെ സഹായിച്ചു. മാത്രമല്ല യുവതാരങ്ങൾ എന്ന നിലയിൽ പരിശീലകർ ഞങ്ങൾക്ക് നല്ല പിന്തുണ നൽകുന്നുണ്ട്.”- അഭിഷേക് പറയുകയുണ്ടായി.
ആദ്യ ട്വന്റി20 മത്സരത്തിൽ വിജയം നേടിയതോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 25നാണ് നടക്കുന്നത്. മത്സരത്തിൽ സഞ്ജു സാംസണ് മികവ് പുലർത്താൻ സാധിക്കും എന്നാണ് ആരാധകർ കരുതുന്നത്. സമീപകാലത്ത് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യക്കായി മൈതാനത്ത് ഇറങ്ങിയത്.