വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏഷ്യാകപ്പും ലോകകപ്പും പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വലിയ അവസരം തന്നെയാണ് സഞ്ജു സാംസണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ പറ്റി വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ എംഎസ്കെ പ്രസാദ്. മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ അടുത്ത ഏകദിന ലോകകപ്പിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി പോലും മാറിയേക്കും എന്നാണ് പ്രസാദ് പറയുന്നത്. അത്തരം ഒരു സാഹചര്യം വന്നത്തുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നും പ്രസാദ് പറയുന്നു.
സൂര്യകുമാറിനെയും സഞ്ജു സാംസനെയും താരതമ്യം ചെയ്ത് സംസാരിക്കവേയാണ് എംഎസ്കെ പ്രസാദിന്റെ ഈ നിരീക്ഷണം. വരുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് തങ്ങളുടെ നാലാം നമ്പറിൽ ആരെ കളിപ്പിക്കണം എന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവിടെ സൂര്യകുമാർ യാദവിന് തന്നെയാണ് മുൻതൂക്കം എന്ന് എംഎസ്കെ പ്രസാദ് പറയുന്നു. പക്ഷേ അതേസമയം ഇന്ത്യ സഞ്ജു സാംസണെ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യിക്കാൻ തയ്യാറാവണമെന്നും പ്രസാദ് പറയുന്നു. അത്തരമൊരു കാഴ്ച ലോകകപ്പിൽ കാണാനായാലും താൻ അത്ഭുതവാനാവില്ല എന്നാണ് പ്രസാദിന്റെ വാദം.
“സൂര്യകുമാർ ഇതിനോടകം തന്നെ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ ഒരു സ്ഥാനത്തിനായി മത്സരം നടക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല. കാരണം സഞ്ജു സാംസൺ ഒരു മുൻനിര ബാറ്ററും സൂര്യ മധ്യനിര ബാറ്ററുമാണ്. ഒരുപക്ഷേ വരും മത്സരങ്ങളിൽ രോഹിത് ശർമയ്ക്കൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് കാണാൻ കഴിഞ്ഞേക്കും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സഞ്ജുവും സൂര്യവും തമ്മിൽ ഏതുതരത്തിലെങ്കിലും മത്സരം നടക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. യഥാർത്ഥ മത്സരം നടക്കുന്നത് സഞ്ജു സാംസണും മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററും തമ്മിലായിരിക്കും.”- പ്രസാദ് പറയുന്നു.
2023 ലോകകപ്പിന് മുൻപായുള്ള വലിയ പരീക്ഷണങ്ങൾ തന്നെയാണ് ഇന്ത്യ നടത്തുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലൂടെ സന്തുലിതാവസ്ഥയുള്ള ഒരു ടീം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ സഞ്ജു സാംസണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധിക്കുമെന്നത് ഉറപ്പാണ്. ഇതിന് ശേഷം ഒക്ടോബർ 5 മുതലാണ് 2023 ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.