2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിൽ വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു സഞ്ജു സാംസൺ ആരംഭിച്ചത്. എന്നാൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിക്കാതെ വന്നു. പല മത്സരങ്ങളിലും മികച്ച ഇന്നിങ്സുകൾ കളിച്ചെങ്കിലും സ്ഥിരത കൈവരിക്കാൻ സഞ്ജുവിനായില്ല. ഈ സാഹചര്യത്തിലും ഇന്ത്യൻ ടീമിൽ തിരികെ വരാനുള്ള ഒരു അവസരം കൈവന്നിരിക്കുകയാണ് സഞ്ജുവിന്.
അടുത്തമാസം ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായി നടക്കുന്ന പരമ്പരയിലൂടെയാണ് സഞ്ജു സാംസൺ ടീമിലേക്ക് തിരികെ വരുക. നിശ്ചിത ഓവർ പരമ്പരയാണ് അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. സഞ്ജു മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ജെയ്‌സ്വാൾ, റിങ്കു സിംഗ് തുടങ്ങിയവരും പ്രസ്തുത ടൂർണമെന്റിൽ അണിനിരക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയുടെ യുവ ടീമിനെ പരമ്പരയിലേക്ക് നിശ്ചയിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഹർദിക് പാണ്ട്യയാവും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ലോകത്താകമാനമുള്ള സഞ്ജു ആരാധകരെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന വാർത്ത തന്നെയാണ് ഇത്. മുൻപ് ടൈറ്റ് ഷെഡ്യൂൾ മൂലം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ഇന്ത്യ മാറി നിന്നേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾ ഈ പരമ്പരയിൽ നിന്നും മാറി നിൽക്കാൻ തയ്യാറാവുന്നില്ല എന്ന് ബിസിസിഐ സമ്മതിക്കുകയാണ് ഇപ്പോൾ.
ഇത്ര മികച്ച പരമ്പര ഉപേക്ഷിക്കുന്നതിന് പകരം യുവതാരങ്ങളെ ഉൾപ്പെടുത്തി ഒരു വ്യത്യസ്ത ടീം കെട്ടിപ്പടുക്കാൻ തന്നെയാണ് ബിസിസിഐ ആലോചിക്കുന്നത്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിനു ശേഷമാവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ ബിസിസിഐ പുറത്തുവിടുന്നത്. ഈ പരമ്പര നടക്കുന്നതോടെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ച പ്രകടനമായിരുന്നില്ല സഞ്ജു സാംസൺ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാഴ്ചവച്ചത്. ലീഗിൽ 14 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ഇതിൽ നിന്നായി 362 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 153 സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കേവലം മൂന്ന് അർത്ഥസെഞ്ച്വറികൾ മാത്രമാണ് സഞ്ജു നേടിയത്. ഇത് രാജസ്ഥാൻ റോയൽസിന്റെ സീസണിലെ പ്രകടനത്തെയും ബാധിക്കുകയുണ്ടായി. എന്നാൽ ഇതൊക്കെയും മാറ്റിവെച്ച് എങ്ങനെയും ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തന്നെയാണ് സഞ്ജുവിന്റെ ശ്രമം.