സഞ്ജു ഒരുപാട് കഴിവുകളുള്ള താരം, പക്ഷെ മനസ് മെച്ചപ്പെടുത്തണം. ഡിവില്ലിയേഴ്സിന്റെ ഉപദേശം ഇങ്ങനെ.

sanju fielding

നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതെ പോകുന്ന താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ പലപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സ്ഥിരമായ രീതിയിൽ അവസരങ്ങൾ സഞ്ജുവിന് ലഭിച്ചിരുന്നില്ല. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതീരായ പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചു. അവസാന ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം സഞ്ജു കാഴ്ച വയ്ക്കുകയും ചെയ്തു. ഇതിനുശേഷം സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ ബാക്കപ്പ് കളിക്കാരനായാണ് ഇന്ത്യ ഏഷ്യാകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ഇതിനുശേഷം സഞ്ജു സാംസണ് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സ്.

സഞ്ജു വളരെ മികച്ച കഴിവുള്ള കളിക്കാരനാണെന്നും അയാൾ കളി ക്രമീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നുമാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ഏഷ്യാകപ്പ് സ്ക്വാഡിൽ ബാക്കപ്പ് കളിക്കാരനായി ആയിരുന്നു സഞ്ജു സാംസണിനെ ഇന്ത്യ ഉൾപ്പെടുത്തിയത്. രാഹുലിന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ബാക്കപ്പ് കളിക്കാരനായി സഞ്ജുവിനെ ഇന്ത്യ തിരഞ്ഞെടുത്തത്.

എന്നാൽ രാഹുൽ തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ റോൾ അവസാനിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും മൈതാനത്തിറങ്ങാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷം ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടില്ല. സഞ്ജുവിന് പകരം സൂര്യകുമാർ യാദവാണ് ലോകകപ്പ് സ്ക്വാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഈ അവസരത്തിലാണ് ഡിവില്ലിയേഴ്സ് ഉപദേശവുമായി രംഗത്തെത്തിയത്.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".

“അന്ന് സഞ്ജു സാംസൺ പുറത്താവാതെ ചിന്നസാമി സ്റ്റേഡിയത്തിൽ നേടിയ 92 റൺസ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഞാൻ മൈതാനത്ത് ഉണ്ടായിരുന്നു. സഞ്ജുവിന് എല്ലാ ഷോട്ടുകളും നന്നായി കളിക്കാൻ അറിയാം. എന്നാൽ സഞ്ജു മനസ്സിനെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുമാത്രമല്ല, ഏകദിന ക്രിക്കറ്റുമായി കൂടുതൽ പൊരുത്തപ്പെടാനും സഞ്ജു സാംസൺ ശ്രമിക്കണം.”- ഡിവില്ലിയേഴ്സ് പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ തരക്കേടില്ലാത്ത ശരാശരിയാണ് സഞ്ജുവിനുള്ളത്. എന്നാൽ നിരന്തരം അവസരം ലഭിക്കാത്തതിനാൽ തന്നെ സഞ്ജുവിന് വലിയ ഇമ്പാക്ട് ഉള്ള ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സാധിച്ചിട്ടില്ല.

എന്നിരുന്നാലും ഇന്ത്യ തങ്ങളുടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയ പല കളിക്കാരെക്കാളും അർഹനാണ് സഞ്ജു സാംസൺ. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. സൂര്യകുമാർ യാദവിനെ പോലെ തീരെ ശരാശരി കുറഞ്ഞ താരത്തെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡ് ഉൾപ്പെടുത്തുകയും, സഞ്ജുവിനെപ്പോലെ വളരെ മികച്ച പ്രകടനം നടത്തിയ താരത്തെ പുറത്താക്കുകയും ചെയ്തതോടെയാണ് ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ എത്തിയത്. എന്തായാലും ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കാതെ വന്നതോടുകൂടി സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവി പരുങ്ങലിലാണ്.

Scroll to Top