ഇന്ത്യക്കായി തന്റെ അരങ്ങേറ്റ മത്സരം കളിച്ച ശേഷം 9 വർഷങ്ങൾക്കിപ്പുറമാണ് സഞ്ജു സാംസന് ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിച്ചത്. എന്നിരുന്നാലും ടീമിനായി പ്ലേയിങ്ങ് ഇലവനില്‍ എത്താനുള്ള സാഹചര്യം സഞ്ജുവിന് ലഭിച്ചിരുന്നില്ല. പക്ഷേ വരാനിരിക്കുന്ന വലിയ പരമ്പരകളിലൊക്കെയും വലിയ അവസരങ്ങളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജുവിന് 2026 ലോകകപ്പിൽ ഇന്ത്യയുടെ ടീമിൽ കളിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ പോലും. എന്നാൽ വളരെ വ്യത്യസ്തമായ ഒരു പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. 2026 ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധ്യതയില്ല എന്നാണ് മിശ്ര പറയുന്നത്.
മുൻപ് വിരാട് കോഹ്ലി ട്വന്റി20യിൽ യുവ താരങ്ങൾക്ക് അവസരം നൽകണമെന്ന ഒരു ആശയം മുന്നോട്ട് വച്ചിരുന്നുവെന്നും, സഞ്ജു സാംസനെ അത് ബാധിക്കുമെന്നും മിശ്ര പറയുന്നു. മാത്രമല്ല ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം കഠിനമായി മാറുകയാണ് എന്നും മിശ്ര ചൂണ്ടിക്കാട്ടുകയുണ്ടായി. “സഞ്ജു 2026 ട്വന്റി20 ലോകകപ്പ് കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. വിരാട് കോഹ്ലി മുന്നോട്ടുവച്ച ഒരു ആശയമുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ കൂടുതലായി യുവതാരങ്ങളെ ആശ്രയിക്കണം എന്നത്. അതുകൊണ്ടുതന്നെ അവരുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീമിന് ആവശ്യം. കോഹ്ലി ഇപ്പോൾ 35 കാരനാണ്.”- മിശ്ര പറയുന്നു.
“2026 ലോകകപ്പിൽ സഞ്ജു സാംസന് കളിക്കണമെങ്കിൽ അവൻ വരും മത്സരങ്ങളിലൊക്കെയും അവിസ്മരണീയ പ്രകടനം തന്നെ കാഴ്ചവയ്ക്കേണ്ടി വരും. അങ്ങനെ വന്നാൽ ഇന്ത്യൻ ടീം അവനെപ്പറ്റി ആലോചിക്കും. അങ്ങനെ തുടർച്ചയായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ടീമിൽ തുടരാൻ സാധിച്ചാൽ 2 വർഷത്തിന് ശേഷം നടക്കുന്ന ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവും. അല്ലാത്തപക്ഷം അതും ബുദ്ധിമുട്ടാണ്. കാരണം ഒരുപാട് യുവ വിക്കറ്റ് കീപ്പർമാർ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാനായി അങ്ങേയറ്റം പരിശ്രമിക്കുകയാണ്. അതിമനോഹരമായി ട്വന്റി20 കളിക്കുന്ന ഇഷാൻ കിഷൻ പോലും ഇപ്പോൾ പുറത്തിരിക്കുകയാണ്. പന്ത് എപ്പോഴും മികവ് പുലർത്തുന്നുണ്ട്. ജൂറൽ, ജിതേഷ് ശർമ അങ്ങനെ ഒരുപാട് പേർ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറാവാൻ തയ്യാറായി നിൽക്കുന്നു.”- മിശ്ര കൂട്ടിച്ചേർക്കുന്നു.
“ഇതിനോടകം തന്നെ എല്ലാവരും ട്വന്റി20 യുവതാരങ്ങളുടെ മത്സരമാണ് എന്ന രീതിയിലേക്ക് മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റിൽ സീനിയർ താരങ്ങൾ നേടി തന്നതൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. 2007 ട്വന്റി20 ലോകകപ്പിൽ സേവാഗ്, യുവരാജ്, ധോണി, ഹർഭജൻ എന്നിവർ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ വിജയം സ്വന്തമാക്കില്ലായിരുന്നു. 2024 ട്വന്റി20 ലോകകപ്പിൽ കോഹ്ലി, രോഹിത്, ബൂമ്ര, ഹർദിക് എന്നിവരൊക്കെയും വിജയത്തിൽ വലിയ പങ്കാളികളായി. അതുകൊണ്ടുതന്നെ ട്വന്റി20 ക്രിക്കറ്റിലും സീനിയർ താരങ്ങളുടെ പരിചയസമ്പത്ത് ആവശ്യമാണ് എന്ന കാര്യം ഉറപ്പായി.”- മിശ്ര കൂട്ടിച്ചേർക്കുന്നു.