ഒരുപാട് പ്രതിഭയുള്ള താരമാണ് സഞ്ജു, പക്ഷേ പലപ്പോളും നമ്മളെ നിരാശപെടുത്തുന്നു. അഭിനവ് മുകുന്ദ് പറയുന്നു.

ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു പക്വതയാർന്ന അർദ്ധ സെഞ്ച്വറിയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ തകരുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജു കൃത്യമായി ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയുണ്ടായി. പതിയെ തുടങ്ങിയ സഞ്ജു അവസാന ഓവറുകളിൽ തന്നെ റേഞ്ചിലേക്ക് എത്തുകയായിരുന്നു.

മത്സരത്തിൽ 45 പന്തുകളിൽ 58 റൺസാണ് സഞ്ജു സാംസൺ നേടിയത്. സഞ്ജുവിന്റെ ഈ മികവിലായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതിനുശേഷം സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്.

അവിസ്മരണീയ പ്രകടനമാണ് സഞ്ജു സാംസൺ മത്സരത്തിൽ കാഴ്ചവച്ചത് എന്ന് മുകുന്ദ് പറയുകയുണ്ടായി. എന്നിരുന്നാലും തന്റെ കഴിവിന്റെ പൂർണ്ണത ഇതുവരെ പുറത്തുകാട്ടാൻ സഞ്ജുവിന് സാധിച്ചിട്ടില്ല എന്നും മുകുന്ദ് കൂട്ടിച്ചേർത്തു. “സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ എല്ലായിപ്പോഴും ഒരു പ്രയാസകരമായ സമയമാണ് ഉണ്ടാവാറുള്ളത്. കാരണം ഒരുപാട് പ്രതിഭയുള്ള താരമാണ് സഞ്ജു. പക്ഷേ പല സമയത്തും അവൻ നമ്മെ നിരാശപ്പെടുത്തും. കാരണം ചില സമയങ്ങളിൽ അവന് പക്വത നഷ്ടപ്പെടുന്നു. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനായിരുന്നത് സഞ്ജുവിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളോടൊപ്പവും യുവ താരങ്ങളോടൊപ്പവും കളിക്കാൻ സഞ്ജുവിന് സാധിച്ചു. അത് അവന് ഗുണം ചെയ്തു.”- മുകുന്ദ് പറഞ്ഞു.

“അവിടെ നിന്നാണ് അവന് പക്വത ലഭിക്കുന്നത്. അങ്ങനെ അവൻ പക്വതയുള്ള ഒരു ബാറ്ററായി മുൻപോട്ടു വരികയാണ് ചെയ്തത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ സ്ലോട്ടിലെക്ക് ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. അഞ്ചാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു സാംസൺ തന്റെ കൈ ഉയർത്തി ‘ഞാൻ ഇവിടെയുണ്ട്’ എന്ന് ഉറക്കെ പറഞ്ഞിരിക്കുകയാണ്. എന്നെ ഒഴിവാക്കരുത് എന്നും സഞ്ജു ഉറച്ച നിലപാടോടെ പറയുകയാണ്.”- അഭിനവ് മുകുന്ദ് കൂട്ടിച്ചേർത്തു.

മുകുന്ദിന്റെ അതേ അഭിപ്രായം തന്നെയാണ് മുൻ താരം ടിനോ മവോയോയും രേഖപ്പെടുത്തിയത്. “പക്വത എന്ന വാക്കാണ് സഞ്ജു സാംസണ് ഏറ്റവും യോജിക്കുന്നത്. പല സമയത്തും സ്പിന്നർമാർക്കെതിരെ നേരത്തെ തന്നെ ആക്രമണം അഴിച്ചു വിടുന്ന സഞ്ജുവിനെയാണ് കാണാറുള്ളത്. ചില സമയത്ത് അത് അവന് ഗുണമായി തീരുകയും, ചില സമയത്ത് ദോഷമായി മാറുകയും ചെയ്യും. പക്ഷേ ഇന്ന് അവിസ്മരണീയമായ രീതിയിൽ തന്നെയാണ് സഞ്ജു തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.”- മവോയോ പറഞ്ഞു. അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത് സഞ്ജു സാംസന് എല്ലാരീതിയിലും ഗുണം ചെയ്യും എന്നത് ഉറപ്പാണ്. ഇന്ത്യയുടെ ശ്രീലങ്കയ്ക്ക് എതിരായ പര്യടനത്തിലും സഞ്ജു ടീമിൽ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Previous articleലോകകപ്പ് വിജയിച്ച ശേഷം 2 മണിക്കൂർ എനിക്ക് ചിരി നിർത്താൻ പറ്റിയില്ല. സഞ്ജു സാംസണ്‍
Next articleമിന്നുമണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ. കേരളത്തിന്റെ അഭിമാന താരത്തിന് സുവർണാവസരം.