2024 ട്വന്റി20 ലോകകപ്പിന് ശേഷം വരാനിരിക്കുന്ന ഏറ്റവും വലിയ ഐസിസി ഇവന്റാണ് 2025ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി. ഇന്ത്യയുടെ പലതാരങ്ങളും ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് മൈതാനത്ത് ഇറങ്ങുന്നത്.
എന്നാൽ മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കളിപ്പിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ അടുത്ത ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലും സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏകദിന ക്രിക്കറ്റിൽ വരും മത്സരങ്ങളിൽ കെഎൽ രാഹുലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരായി എത്തുന്നത്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരെക്കാൾ കൂടുതലായി യുവ ഓൾ റൗണ്ടർമാർക്ക് അവസരം നൽകാനാണ് ഇന്ത്യൻ ടീം ഇപ്പോൾ തയ്യാറാവുന്നത്. ഇതിനുള്ള ശ്രമത്തിലാണ് ബിസിസിഐ. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് ഇന്ത്യ തങ്ങളുടെ അനുഭവസമ്പന്നനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിരുന്നു. എന്നാൽ ഭാവി താരങ്ങൾ എന്ന് വിലയിരുത്തുന്ന അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് പരമ്പരയിൽ അവസരം നൽകുകയും ചെയ്തു.
ഇത്തരത്തിൽ യുവ ഓൾറൗണ്ടർമാർക്ക് കൂടുതൽ അവസരം നൽകാൻ ബിസിസിഐ തയ്യാറാവുന്നു എന്നാണ് ബിസിസിഐ വൃത്തം അറിയിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുൻപായി കേവലം 6 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇതോടെ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ല എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒപ്പം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായ സഞ്ജു സാംസനും പുറത്തിരിക്കേണ്ടിവരും.
എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു വാർത്തയാണ് ഇത്. തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു തകർപ്പൻ സെഞ്ച്വറി സഞ്ജു സ്വന്തമാക്കിയിരുന്നു. ശേഷമാണ് ശ്രീലങ്കൻ പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത്.
2025ന്റെ തുടക്കത്തിലാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. പാക്കിസ്ഥാനിലാണ് ടൂർണ്ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. 2008ലെ ഏഷ്യാകപ്പിന് ശേഷം ഇന്ത്യ ഇതുവരെയും പാക്കിസ്ഥാ നിൽ മത്സരങ്ങൾ കളിച്ചിട്ടില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ അവസാനഘട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.