3 ടൂർണമെന്റ്, ടീമിലെത്തിയത് 31 താരങ്ങൾ. പക്ഷെ സഞ്ജു മാത്രം ഒരു ടീമിലുമില്ല.

sanju samson poster

ഇന്ത്യൻ ടീമിൽ നിലവിൽ ഏറ്റവുമധികം നിർഭാഗ്യമുള്ള ക്രിക്കറ്റർ സഞ്ജു സാംസനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയ്ക്ക് തുടർച്ചയായി വലിയ ടൂർണമെന്റുകൾ വന്നിട്ടും, സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് എത്തിക്കഴിഞ്ഞു. ഇത് ആദ്യമായല്ല സഞ്ജുവിന് ഇത്തരത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്. ഏകദിന ലോകകപ്പിൽ നിന്ന് കൂടി ഒഴിവാക്കപ്പെട്ടതോടുകൂടി സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്.

കഴിഞ്ഞ ഒരു ചെറിയ ഇടവേളയിൽ 3 വലിയ ടൂർണമെന്റുകളാണ് ഇന്ത്യൻ ടീമിന് മുൻപിലേക്ക് വന്നടുത്തത്. ഏഷ്യാകപ്പ്, ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ്. ഈ മൂന്ന് ടൂർണമെന്റുകളിലുമായി 31 ഇന്ത്യൻ താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയധികം താരങ്ങൾക്ക് ഇന്ത്യ അവസരം നൽകിയപ്പോഴും സഞ്ജു സാംസനെ ഈ 3 വലിയ ടൂർണമെന്റുകളിൽ നിന്നും ഇന്ത്യ ഒഴിവാക്കി. ഇത് പലർക്കും ഞെട്ടിക്കുന്ന അനുഭവം തന്നെയായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച 4 വിക്കറ്റ് കീപ്പർമാരെ പരിശോധിച്ചാൽ അതിൽ ഒരാൾ സഞ്ജു സാംസൺ ആയിരിക്കും.

മാത്രമല്ല ടീമിന്റെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായ പന്ത് വളരെ കാലമായി പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ ഏതുതരത്തിലും സഞ്ജു ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. എന്നാൽ 3 വലിയ ടൂർണമെന്റുകൾക്കായി തിരഞ്ഞെടുത്ത 31 അംഗ സ്ക്വാഡിൽ ഒരിടത്ത് പോലും സഞ്ജുവിന്റെ പേര് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നില്ല.

Read Also -  ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ സ്ക്വാഡായിരുന്നു ഇതിൽ ആദ്യം പ്രഖ്യാപിച്ചത്. യുവതാരങ്ങളെ അണിനിരത്തിയുള്ള ടീമാണ് ഇന്ത്യ അന്ന് തിരഞ്ഞെടുത്തത്. ഋതുരാജ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ടീമിലെ വിക്കറ്റ് കീപ്പർമാരായി ജിതേഷ് ശർമയും പ്രഭസിമ്രാൻ സിംഗും ഇടം പിടിച്ചു. ഈ സ്ക്വാഡിൽ നിന്നും സഞ്ജു സാംസനെ ഇന്ത്യ ഒഴിവാക്കി.

എന്നാൽ ഏകദിന ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്താനാണ് ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത് എന്ന രീതിയിൽ പ്രചരണങ്ങൾ എത്തിത്തുടങ്ങി. ഇതോടെ സഞ്ജു ആരാധകരടക്കം വലിയ രീതിയിൽ പ്രതീക്ഷയും വെച്ചിരുന്നു. പക്ഷേ ശേഷം ഏഷ്യാകപ്പിൽ നിന്നും, ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും ഇപ്പോൾ സഞ്ജുവിനെ പുറത്താക്കിയിരിക്കുകയാണ്.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 2 മത്സരങ്ങളിൽ സഞ്ജു സാംസണ് അവസരം ലഭിച്ചു. ആദ്യ മത്സരങ്ങളിൽ 9 റൺസ് മാത്രമാണ് സഞ്ജു നേടിയത്. എന്നാൽ രണ്ടാം മത്സരത്തിൽ 41 പന്തുകളിൽ 51 റൺസ് നേടി സഞ്ജു തന്റെ വീര്യം കാട്ടിയിരുന്നു. ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും എന്തുകൊണ്ടാണ് ഇന്ത്യ സഞ്ജുവിനെ ഇങ്ങനെ മാറ്റിനിർത്തുന്നത് എന്നത് ചുരുളഴിയാത്ത രഹസ്യമാണ്.

Scroll to Top