നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിൽ ഒരാളാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവക്കാനും ടീമിനെ വിജയിപ്പിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്.
കഴിഞ്ഞ സമയങ്ങളിൽ അസ്ഥിരതയാർന്ന പ്രകടനം മൂലം തുടർച്ചയായി ഇന്ത്യൻ ടീമിൽ കളിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു വമ്പൻ തിരിച്ചുവരവാണ് സഞ്ജു ഇപ്പോൾ നടത്തിയിരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറുകയുണ്ടായി. ഇതിന് ശേഷം സഞ്ജുവിനെ ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയാണ് സഞ്ജുവിന്റെ ചെറുപ്പകാല കോച്ചായ ബിജു ജോർജ് ഇപ്പോൾ സംസാരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ സഞ്ജുവിന് വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കും എന്നാണ് ബിജു ജോർജ് പറയുന്നത്. നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഫീൽഡിങ് കോച്ചാണ് ബിജു ജോർജ്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി സഞ്ജു സാംസൺ ഓപ്പണിങ് ഇറങ്ങണം എന്നാണ് ബിജു ജോർജിന്റെ അഭിപ്രായം.
ടെസ്റ്റ് മത്സരങ്ങളിൽ സഞ്ജുവിന് മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ അവനെ പിടിച്ചു കെട്ടാൻ വലിയ പ്രയാസമാണ് എന്ന് ബിജു ജോർജ് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സേവാഗുമായി സഞ്ജുവിനെ താരതമ്യം ചെയ്താണ് ബിജു ജോർജ് സംസാരിച്ചത്.
“ടെസ്റ്റ് ക്രിക്കറ്റിൽ സഞ്ജു സാംസൺ കേരള ടീമിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണം എന്നാണ് ഞാൻ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മികച്ച തുടക്കം ബാറ്റിംഗിൽ ലഭിക്കുകയാണെങ്കിൽ സഞ്ജുവിനെ ആർക്കും തന്നെ പിടിച്ചുനിർത്താൻ സാധിക്കില്ല. ഇത് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവാണ്. 9 വർഷങ്ങൾക്കു മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ വേണ്ട രീതിയിൽ അവസരങ്ങൾ അവന് ലഭിച്ചില്ല. എന്നാൽ ഇപ്പോൾ അവന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ട്. മാത്രമല്ല ഇപ്പോൾ തന്റെ റോളിനെ പറ്റി വ്യക്തത സഞ്ജു സാംസണുണ്ട്. യഥാർത്ഥത്തിൽ അവൻ ഒരു ലോകനിലവാരമുള്ള ബാറ്റർ തന്നെയാണ്.”- ബിജു ജോർജ് പറയുന്നു.
“ഇപ്പോൾ ഞാൻ പൂർണ്ണമായും സന്തോഷവാനാണ്. ഈ നിലയിൽ എത്തുന്നതുവരെ സഞ്ജു ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ വലിയ സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ചവച്ച് തന്റെ പ്രതിഭ തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു എന്ന് ആളുകൾ തിരിച്ചറിയണം. സേവാഗിനെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ അവന് സാധിക്കും. ഇത്തരം താരങ്ങളിൽ നിന്ന് എല്ലാ മത്സരങ്ങളിലും 70- 80 റൺസ് നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കില്ല. പക്ഷേ അവർ മികച്ച രീതിയിൽ സ്കോർ ചെയ്യുന്ന മത്സരങ്ങളിലൊക്കെ ടീമിന് വിജയിക്കാൻ കഴിയും.”- ബിജു ജോർജ് കൂട്ടിച്ചേർക്കുന്നു.