ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ 3-0 എന്ന നിലയിൽ പരമ്പര നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. മത്സരത്തിലൂടനീളം ശ്രീലങ്ക കൃത്യമായി ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ കൃത്യമായ രീതിയിൽ ഇന്ത്യ തിരിച്ചുവരികയും മത്സരം സമനിലയിൽ എത്തിക്കുകയും ചെയ്തു.
ശേഷം നടന്ന സൂപ്പർ ഓവറിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ മോശം പ്രകടനം വലിയ രീതിയിൽ ചർച്ച ആയിട്ടുണ്ട്. മത്സരത്തിൽ പൂജ്യനായാണ് സഞ്ജു സാംസൺ പുറത്തായത്.
സ്ഥിരമായി ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാത്തത് സഞ്ജുവിനെ ബാധിക്കുന്നുണ്ട് എന്ന വാദം ഇതിന് മുൻപും ഉയർന്നിരുന്നു. മാത്രമല്ല സഞ്ജുവിന് ടീമിൽ സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്നില്ല എന്നും മുൻതാരങ്ങൾ അടക്കം വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. പക്ഷേ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന് അവസരം നൽകിയിട്ടും അത് മുതലാക്കാൻ താരത്തിന് സാധിച്ചില്ല. അവസരം ലഭിച്ച 2 മത്സരങ്ങളിലും പൂജ്യനായാണ് സഞ്ജു സാംസൺ മടങ്ങിയത്. ബാറ്റിംഗിൽ മാത്രമല്ല കീപ്പിങ്ങിലും സഞ്ജു അവസാന മത്സരത്തിൽ ദുരന്തമായി മാറി.
ബാറ്റിംഗിലെ മോശം പ്രകടനമാണ് സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങിനെയും ബാധിച്ചത് എന്നത് ഉറപ്പാണ്. മത്സരത്തിൽ 3 ക്യാച്ചുകളാണ് സഞ്ജു സാംസൺ വിട്ടു കളഞ്ഞത്. മുൻപ് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിനെ വളരെ പ്രതീക്ഷയോടെയാണ് മുൻ താരങ്ങളടക്കം കണ്ടത്. എന്നാൽ സഞ്ജുവിന്റെ കരിയർ ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ത്യയുടെ ഏകദിന സ്ക്വാഡിലേക്ക് റിഷഭ് പന്തും കെഎൽ രാഹുലും തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എന്നാൽ ട്വന്റി20 പരമ്പരയിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത സഞ്ജു ഇനി ഏകദിന ടീമിൽ ഉണ്ടാവുമോ എന്ന കാര്യവും വലിയ സംശയമാണ്.
ഒരുപാട് പ്രതിഭകളുള്ള താരങ്ങൾക്ക് ഇപ്പോഴും ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് സഞ്ജുവിനെ ബാധിച്ചേക്കും. നിലവിൽ റിഷഭ് പന്ത്, ജിതേഷ് ശർമ, ജൂറൽ എന്നിങ്ങനെ വിക്കറ്റ് കീപ്പർമാർ ഒരുപാടാണ്. അങ്ങനെയുള്ളപ്പോൾ സഞ്ജുവിന് ടീമിൽ ഇനിയും സ്ഥാനം കണ്ടെത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അല്ലാത്തപക്ഷം കോച്ച് ഗംഭീറിന്റെ കൃത്യമായ പിന്തുണ സഞ്ജുവിന് ഉണ്ടാവണം. ഇതുവരെയും ഇന്ത്യൻ സെലക്ടർമാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നില്ല സഞ്ജു സാംസൺ. അതിനാൽ സഞ്ജുവിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെ ഉയർന്നിട്ടുണ്ട്.