സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 13 റൺസിന്റെ ഹൃദയഭേദകമായ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ശേഷം രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവരവ് നടത്താൻ ഇന്ത്യയുടെ യുവനിരയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം മത്സരത്തിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിൽ എത്തിക്കാനും ഇന്ത്യൻ ടീമിന് സാധിച്ചു. 3 മത്സരങ്ങളാണ് ഇനി പരമ്പരയിൽ അവശേഷിക്കുന്നത്
ജൂലൈ 10, 13, 14 എന്നീ ദിവസങ്ങളിലാണ് അടുത്ത 3 മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ ചില പ്രധാന താരങ്ങൾ സ്ക്വാഡിലേക്ക് തിരിച്ചു വരുന്നു എന്നതാണ്. ഓപ്പണർ ജയസ്‌വാൾ, മലയാളി താരം സഞ്ജു സാംസൺ, ഓൾറൗണ്ടർ ശിവം ദുബെ എന്നിവർ മൂന്നാം ട്വന്റി20യിൽ ഇന്ത്യയുടെ സ്ക്വാഡിലേക്ക് തിരികെയെത്തും.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാൻ ഈ 3 താരങ്ങൾക്ക് സാധിച്ചിരുന്നു. അതിനാലാണ് ഇവർക്ക് സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ ആദ്യ 2 മത്സരങ്ങൾ നഷ്ടമായത്. എന്നാൽ അടുത്ത 3 മത്സരങ്ങളിൽ ഇവർ കളിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
പകരക്കാരായെത്തിയ യുവ താരങ്ങൾക്ക് പകരം ഈ 3 താരങ്ങളെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയേക്കും. പേസർ ഹർഷിദ് റാണ, സായി സുദർശൻ, ജിതേഷ് ശർമ എന്നിവർക്ക് പകരമാണ് സഞ്ജുവും കൂട്ടരും ഇന്ത്യയുടെ സ്ക്വാഡിലേക്ക് എത്തുന്നത്. ഇവരിൽ സുദർശൻ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ബാറ്റ് ചെയ്യാനുള്ള അവസരം സുദർശന് ലഭിച്ചില്ല.
സഞ്ജുവും കൂട്ടരും എത്തുന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. രണ്ടാം മത്സരത്തിൽ വലിയ വിജയം നേടി നിൽക്കുന്നുണ്ടെങ്കിലും നിലവിലെ ടീമിൽ പരിചയസമ്പന്നരുടെ കുറവ് വ്യക്തമാണ്. അതിനാൽ തന്നെ സഞ്ജുവിനെ ഇന്ത്യ മധ്യനിര താരമായി ടീമിൽ കളിപ്പിക്കും എന്നാണ് കരുതുന്നത്. ഇത്തവണത്തെ ലോകകപ്പിൽ അസ്ഥിരതയാർന്ന പ്രകടനമായിരുന്നു ശിവം ദുബെ കാഴ്ചവച്ചത്. പല മത്സരങ്ങളിലും ദുബെ ബാറ്റിംഗിൽ പരാജയപ്പെടുന്നതും കാണാൻ സാധിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യ ദുബെയ്ക്ക് വരും മത്സരങ്ങളിൽ അവസരം നൽകാനുള്ള സാധ്യതകൾ ഏറെയാണ്.
രണ്ടാം മത്സരത്തിൽ അഭിഷേക് ശർമ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു പുറത്തെടുത്തത്. തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. ജയസ്വാൾ തിരികെ എത്തുന്നതോടുകൂടി അഭിഷേകും ജയസ്വാളും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
അങ്ങനെയെങ്കിൽ നായകൻ ഗിൽ തന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തിയേക്കും. ഇത്തരത്തിൽ വലിയ മാറ്റങ്ങൾക്കാണ് ഇന്ത്യ ഇതോടുകൂടി സാക്ഷ്യം വഹിക്കാൻ പോകുന്നത്. അടുത്ത മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നേടാൻ സാധിക്കൂ.