ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.

384657

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് ശ്രീലങ്കൻ പര്യടനമാണ്. ജൂലൈയിലും ആഗസ്റ്റിലുമായി 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. ജൂലൈ 26നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി20 മത്സരം പല്ലക്കലെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഒരുപാട് മാറ്റങ്ങളുമായി ആയിരിക്കും ഇന്ത്യ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തുടക്കം കുറിക്കുക. ട്വന്റി20 ലോകകപ്പിന് പിന്നാലെ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ തങ്ങളുടെ ട്വന്റി20 കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. അതിനാൽ തന്നെ കൂടുതൽ യുവ താരങ്ങളെ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാവും പരമ്പരയിൽ ഇന്ത്യ ശ്രമിക്കുന്നത്.

പരിശീലകൻ എന്ന നിലയിലുള്ള ഗൗതം ഗംഭീറിന്റെ ആദ്യ സംരംഭം കൂടെയാവും ശ്രീലങ്കൻ പര്യടനം. ഓരോ ഫോർമാറ്റിലും താൻ ഓരോ ടീമിനെ അണിനിരത്താനാണ് താല്പര്യപ്പെടുന്നത് എന്ന് ഗൗതം ഗംഭീർ മുൻപു തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും വ്യത്യസ്തമായ ഒരു ടീമാവും ഗംഭീർ മൈതാനത്ത് ഇറക്കുക.

നിലവിൽ സിംബാബ്വെയിൽ ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ടീമിൽ ശിവം ദുബെ, സഞ്ജു സാംസൺ, ജയസ്വാൾ എന്നിങ്ങനെ 3 ലോകകപ്പ് വിജയ താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലേക്ക് വരുമ്പോൾ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ട്യ, അക്ഷർ പട്ടേൽ, അർഷദീപ് സിംഗ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തും എന്ന കാര്യം ഉറപ്പാണ്.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഒപ്പം സിംബാബ്വെയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ, ഋതുരാജ്, ശുഭമാൻ ഗിൽ എന്നിവർ ശ്രീലങ്കയ്ക്കെതിരായ സ്ക്വാഡിൽ ഇടം പിടിച്ചേക്കും. ഇവർക്കൊപ്പം ജയസ്വാൾ, സാംസൺ, ദുബെ എന്നിവർ കൂടി ശ്രീലങ്കയ്ക്കെതിരായ സ്ക്വാഡിൽ അണിചേരും. റിഷഭ് പന്ത് കൂടുതലായി ടെസ്റ്റ് മത്സരങ്ങളിലാണ് ശ്രദ്ധ പുലർത്തേണ്ടത് എന്ന് ഗംഭീർ മുൻപ് പറയുകയുണ്ടായി.

അതിനാൽ ട്വന്റി20 പരമ്പരയിൽ പന്തിനെ കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയെങ്കിൽ ശുഭമാൻ ഗിൽ, ജയസ്വാൾ എന്നിവരാവും പരമ്പരയിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ശേഷം മൂന്നാം നമ്പറിൽ അഭിഷേക് ശർമയാവും എത്തുക. അതുകൊണ്ടു തന്നെ ഋതുരാജിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ശേഷം സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, റിങ്കൂ സിംഗ് എന്നിവർ ക്രീസിലെത്തും.

അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷദീപ് സിംഗ് തുടങ്ങിയവരും ടീമിൽ അണിനിരക്കും. എന്തായാലും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ പുതിയൊരു അദ്ധ്യായം തന്നെയാവും ശ്രീലങ്കൻ പരമ്പരയോടെ ആരംഭിക്കുക. വലിയ പ്രതീക്ഷകളാണ് യുവ ഇന്ത്യൻ നിരയിൽ ആരാധകർ വെച്ചിട്ടുള്ളത്.

Scroll to Top