2023 ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഇതിനുമുമ്പ് 2022 ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ മൈതാനത്ത് ഇറങ്ങിയത്. മെൽബണിൽ നടന്ന മത്സരത്തിൽ അത്യാവേശകരമായ വിജയമായിരുന്നു അന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെ കട്ട ഹീറോയിസത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യൻ വിജയം. അതിനുശേഷം മറ്റൊരു ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നടക്കാനിരിക്കുമ്പോൾ ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്. ഈ പോരാട്ടത്തിലെ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യ ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയേയും യുവ ഓപ്പണർമാൻ ശുഭമാൻ ഗില്ലിനെയുമാണ് മഞ്ജരേക്കർ തന്റെ ടീമിലെ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് ശേഷം മൂന്നാം നമ്പറിൽ വിരാട് കോഹ്ലി മഞ്ജരേക്കറുടെ ടീമിൽ അണിനിരക്കും. നാലാം നമ്പറിലേക്ക് രണ്ട് താരങ്ങളെയാണ് മഞ്ജരേക്കർ തെരഞ്ഞെടുത്തിരിക്കുന്നത്. പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും ഇതുവരെ ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത തിലക് വർമയും മഞ്ജരേക്കാരുടെ ലിസ്റ്റിലുണ്ട്. ഇവരിൽ ഒരാൾ നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നാണ് മഞ്ജരേക്കർ കരുതുന്നത്.
ഇന്ത്യൻ നിരയിലെ ആദ്യ ഏഴു ബാറ്റർമാരും വലംകയ്യന്മാർ ആയതിനാൽ തന്നെ തിലക് വർമയ്ക്കാണ് ടീമിൽ കളിക്കാൻ സ്ഥാനം ലഭിക്കുക എന്ന് മഞ്ജരേക്കർ കരുതുന്നു. ശേഷം തന്റെ ടീമിലെ അഞ്ചാം നമ്പറിൽ കളിക്കാനായി കെ എൽ രാഹുലിനെയും ആറാം നമ്പറിൽ കളിക്കാനായി ഹർദിക് പാണ്ട്യയേയും മഞ്ജരേക്കർ തിരഞ്ഞെടുക്കുന്നു. ഇക്കാര്യങ്ങളൊക്കെ പറയുമ്പോഴും തിലക് വർമയ്ക്ക് ഏകദിന മത്സരങ്ങളിൽ പരിചയമില്ലാത്തത് ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നുണ്ട്.
പാക്കിസ്ഥാനെതിരായ തന്റെ ടീമിൽ സ്പിൻ ബോളിംഗ് കൈകാര്യം ചെയ്യാൻ മഞ്ജരേക്കർ തിരഞ്ഞെടുക്കുന്നത് രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയുമാണ്. കഴിഞ്ഞ മത്സരങ്ങളിലെ ഇവരുടെ പ്രകടനം കണക്കിലെടുത്താണ് മഞ്ജരേക്കർ ഇവരെ ടീമിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യക്കായി പേസ് ബോളിംഗ് വിഭാഗത്തിൽ മുഹമ്മദ് ഷാമി, ജസ്പ്രീറ്റ് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവർ മഞ്ജരേക്കറുടെ ടീമിൽ അണിനിരക്കുന്നുണ്ട്.