ഐപിഎൽ താര മെഗാലേലത്തിനുശേഷം എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ ചർച്ചചെയ്ത വിഷയമായിരുന്നു സുരേഷ് റെയ്നയെ ആരും വാങ്ങാതിരുന്നത്. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച വാർത്തയായിരുന്നു റെയ്നയെ ആരും വാങ്ങാതിരുന്നത്.
അടിസ്ഥാന വിലയായ രണ്ടു കോടി രൂപയായിരുന്നു താരത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമെന്നോണം താരത്തെ ഏറ്റെടുക്കുവാൻ ആരും താല്പര്യപ്പെട്ടില്ല. ബാക്കി തുക വന്നിട്ടും കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ കളിക്കാരൻ ആയിരുന്നിട്ടും സി എസ് കെ താല്പര്യം കാണിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് റെയ്നയെ ആരും ഏറ്റെടുക്കാതിരുന്നത് എന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിൻ്റെ പരിശീലകൻ കുമാർ സംഗക്കാര. പല കോണുകളിൽ നിന്ന് ഇതിനെ വീക്ഷിക്കണം എന്നും, അദ്ദേഹം ഒരു മോശം കളിക്കാരൻ ആയത് കൊണ്ടല്ല അദ്ദേഹത്തെ ആരും വാങ്ങാതിരുന്നത് എന്നും സംഗക്കാര പറഞ്ഞു.
സംഗക്കാരയുടെ വാക്കുകളിലൂടെ..
“ഐപിഎല്ലിൽ സുരേഷ് റെയ്നയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. ഒരു ഇതിഹാസം എന്ന് തന്നെ പറയാം. എല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുൻനിര ബാറ്റ്സ്മാന്മാരിൽ ഒരാൾ. എന്നാൽ ഓരോ സീസണിലും അനുസരിച്ചായിരിക്കും ടീമുകൾ കളിക്കാരെ തിരഞ്ഞെടുക്കുക. കളിക്കാരുടെ മുൻ പ്രകടനങ്ങളും മറ്റുകാര്യങ്ങളും ലേലത്തിൽ പരിഗണനയ്ക്ക് വന്നേക്കും. യുവ കളിക്കാർക്ക് നൽകുന്ന പ്രാധാന്യം റെയ്നയെ തടയാൻ കാരണമായിട്ടുണ്ട്.”-സംഗക്കാര പറഞ്ഞു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് റെയ്ന. 2020 ഐ പി എല്ലിൽ നിന്നും ചില സ്വകാര്യ കാര്യങ്ങളാൽ പിന്മാറിയ താരം 2021 ആദ്യകളിയിൽ ഡൽഹിക്കെതിരെ അർദ്ധ ശതകവുമായി തിരിച്ചെത്തി. പിന്നീട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ചെന്നൈ റോബിൻ ഉത്തപ്പയെ പരീക്ഷിച്ചു. ഉത്തപ്പ തിളങ്ങിയതോടെ റെയ്നയ്ക്ക് സ്ഥാനം നഷ്ടമായി.