ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം മികച്ച തുടക്കമാണ് ഓസ്ട്രേലിയൻ ടീമിന് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റക്കാരനായ സാം കോൺസ്റ്റാസ് തെല്ലും ഭയപ്പാടില്ലാതെ ബാറ്റ് വീശുകയായിരുന്നു. കേവലം 52 പന്തുകളിൽ നിന്ന് തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മാത്രമല്ല ട്വന്റി20 സ്റ്റൈലിലുള്ള കുറച്ച് ഷോട്ടുകളും മത്സരത്തിന്റെ ആദ്യ സെഷനിൽ തന്നെ കോൺസ്റ്റാസ് കളിച്ചിരുന്നു. ഇതിനിടെ അരങ്ങേറ്റ താരവുമായി ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി കൊമ്പ് കോർത്തതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മൈതാനത്ത് തെല്ലും ഭയമില്ലാതെ റാംപ് ഷോട്ടുകൾ കളിച്ച് റൺസ് കണ്ടെത്തിയ കോൺസ്റ്റാസിനെ പ്രകോപിപ്പിക്കാൻ ആയി വിരാട് കോഹ്ലി ശ്രമിക്കുകയായിരുന്നു. 19കാരനായ കോൺസ്റ്റാസ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന സമയത്താണ് വിരാട് കോഹ്ലി താരത്തിന്റെ തോളിൽ ഇടിക്കുകയും ഇതിന് ശേഷം വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തത്. തോളിൽ ഇടിച്ചതിന് ശേഷം കോഹ്ലിയും കോൺസ്റ്റാസും തമ്മിൽ മൈതാനത്തിന്റെ മദ്യഭാഗത്ത് വച്ച് തന്നെ വാക്പോരുകൾ നടന്നു. ശേഷം മറ്റു താരങ്ങളും അമ്പയർമാരും ഇതിലേക്ക് കടന്നു വരികയായിരുന്നു.
Kohli and Konstas come together and make contact 👀#AUSvIND pic.twitter.com/adb09clEqd
— 7Cricket (@7Cricket) December 26, 2024
എന്നിരുന്നാലും ഈ പ്രകോപനം യാതൊരു തരത്തിലും ഓസ്ട്രേലിയൻ ഓപ്പണറുടെ മാനസികാവസ്ഥയെ ബാധിച്ചില്ല. അതുവരെ ബാറ്റിംഗ് തുടർന്ന രീതിയിൽ തന്നെ താരം ബാറ്റിംഗ് തുടരുകയും ഒരു തകർപ്പൻ അർധസഞ്ചറി മത്സരത്തിൽ സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിക്കായി അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോൺസ്റ്റാസ്. 19 വർഷവും 85 ദിവസവുമാണ് കോൺസ്റ്റാസിന്റെ ഇപ്പോഴത്തെ പ്രായം. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഓസ്ട്രേലിയയുടെ മുൻ താരമായ ഇയാൻ ക്രൈഗാണ്. ഓസ്ട്രേലിയക്കായി തന്റെ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ ഇയാന് 17 വർഷവും 239 ദിവസവുമായിരുന്നു പ്രായം.
ഓസ്ട്രേലിയയുടെ നിലവിലെ നായകനായ പാറ്റ് കമ്മിൻസാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് വരുന്നത്. 18 വർഷവും 193 ദിവസവും പ്രായമുള്ളപ്പോഴാണ് കമ്മിൻസ് ഓസ്ട്രേലിയക്കായി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. 2011ലായിരുന്നു കമ്മിൻസ് അരങ്ങേറ്റം കുറിച്ചത്. ശേഷം ടോം ഗ്യാരറ്റാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. മത്സരത്തിൽ 65 പന്തുകളില്‍ 60 റൺസ് നേടിയ ശേഷമാണ് കോൺസ്റ്റാസ് മടങ്ങിയത്. 6 ബൗണ്ടറികളും 2 സിക്സറുകളുമാണ് താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. രവീന്ദ്ര ജഡേജയുടെ പന്തിൽ എൽബിഡബ്ലിയു ആയി ആയിരുന്നു യുവതാരം കൂടാരം കയറിയത്