ഇത്തവണത്തെ മോശം ലോകകപ്പിന് ശേഷം നായക സ്ഥാനത്തു നിന്ന് രോഹിത് ശർമയേയും പരിശീലക സ്ഥാനത്തു നിന്ന് രാഹുൽ ദ്രാവിഡിനെയും മാറ്റണമെന്ന് പലരും ആവശ്യം ഉന്നയിച്ചിരുന്നു. ട്വൻ്റി ട്വൻ്റി ഫോർമാറ്റിന് യോജിക്കാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയതാണ് പരിശീലകൻ ദ്രാവിഡിനെതിരെ കൂടുതൽ വിമർശനങ്ങളും ഉയർന്നത്. ഈ കാര്യങ്ങൾ ഇപ്പോഴും ചർച്ചയാകുന്നതിനിടയിൽ ഇന്ത്യക്ക് ഒരു പരിശീലകനെ നിർദ്ദേശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ സൽമാൻ ബട്ട്.
മുൻ ഇന്ത്യൻ ഇതിഹാസ താരം ധോണിയുടെ പേരാണ് മുൻ പാക് താരം നിർദ്ദേശിച്ചത്. ഇന്ത്യക്ക് പല ലോക കിരീടങ്ങളും നേടിക്കൊടുത്ത ധോണിക്ക് ആ സ്ഥാനം യോജിച്ചതാണ് എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്.”വിരേന്ദർ സെവാഗും വി.വി.എസ് ലക്ഷ്മണും മികച്ച താരങ്ങളാണ്. എന്നാൽ ടീമിനെ നയിക്കാനുള്ള കഴിവും കൃത്യമായ പ്ലാനുകളും പ്രധാനപ്പെട്ടതാണ്.
ഒരു പരിശീലകൻ എന്നുവച്ചാൽ ടീമിൻ്റെ മെന്റർ കൂടിയാണ്. ഈ കാര്യങ്ങളിൽ ധോണി എത്രത്തോളം സക്സസ്ഫുൾ ആണെന്ന് നോക്കുമ്പോൾ അദ്ദേഹം തന്നെയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി എൻ്റെ ആദ്യ ചോയ്സ്. മികച്ച കാര്യങ്ങൾ എന്തെങ്കിലും സംഭവിക്കണമെങ്കിൽ റിസ്ക്കുകൾ എടുക്കണം. അത് ഇല്ലാത്ത കാര്യങ്ങളിൽ ഒന്നും നടക്കില്ല.
ഇത് ഒരിക്കലും റിസ്ക് എടുക്കൽ അല്ല മറിച്ച് പുതിയ താരങ്ങളെ പരീക്ഷിക്കുന്നതാണ്. പരീക്ഷിക്കുന്ന എല്ലാവരും വിജയിക്കണമെന്നില്ല. ആളുകൾക്ക് കൂടുതൽ അവസരം നൽകിയാൽ ഇപ്പോഴത്തെ മികവ് നികത്തുവാൻ ചിലപ്പോൾ ഒന്നോ രണ്ടോ താരങ്ങൾ ലഭിച്ചേക്കാം.”- സൽമാൻ ബട്ട് പറഞ്ഞു.