2023 ഏകദിന ലോകകപ്പിൽ വളരെ മികച്ച ഫോമിലാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്നത്. ഏകദിന കരിയറിലെ തന്റെ 48ആം സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് ഇനി ആവശ്യം കേവലം 2 സെഞ്ച്വറികൾ മാത്രമാണ്. സച്ചിന്റെ ആരും തകർക്കില്ല എന്ന് കരുതിയ റെക്കോർഡാണ് കോഹ്ലി മറികടക്കാൻ പോകുന്നത്.
ഇതിനോടകം തന്നെ സച്ചിൻ ടെണ്ടുൽക്കറുടെ പല റെക്കോർഡുകളും മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പല ക്രിക്കറ്റ് താരങ്ങളും സച്ചിനേക്കാൾ മികച്ച താരം കോഹ്ലിയാണ് എന്നും പറയുകയുണ്ടായി. എന്നാൽ ഈ താരതമ്യം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് പറയുന്നത്.
ഇന്നത്തെ തരത്തിൽ സാങ്കേതികതയും, അനുകൂലമായ പിച്ചുകളും ലഭിച്ചിരുന്നുവെങ്കിൽ സച്ചിൻ 200 സെഞ്ചുറികൾ സ്വന്തമാക്കിയേനെ എന്ന് ശ്രീശാന്ത് പറയുന്നു. ഇരു താരങ്ങളും തങ്ങളുടെ കരിയറിൽ നേരിട്ട ബോളർമാരെയും കണക്കിലെടുത്താണ് ശ്രീശാന്ത് സംസാരിച്ചത്. “ഒരു കാരണവശാലും സച്ചിനെയും കോഹ്ലിയും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. വളരെ ലളിതമായി തന്നെ നമുക്ക് ഇക്കാര്യം പറയാനാവും. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരം തന്നെയാണ് വിരാട് കോഹ്ലി. ഒരുപാട് റെക്കോർഡുകൾ തകർത്തെറിയാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അവർ നേരിട്ട ബോളർമാരുടെ പേരുകൾ ശ്രദ്ധിക്കണം. സച്ചിൻ നേരിട്ട ബോളർമാരും വിരാട് കോഹ്ലി നേരിട്ട ബോളർമാരും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.”- ശ്രീശാന്ത് പറയുന്നു.
“മത്സരങ്ങളിലെ സമ്മർദ്ദ സാഹചര്യങ്ങൾ ഒരുപോലെയാണ്. പക്ഷേ ബോളർമാരുടെ നിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. ഇപ്പോൾ ഐപിഎൽ ക്രിക്കറ്റിൽ അടക്കം എല്ലാ താരങ്ങളും സെഞ്ചുറികൾ നേടുന്നു. രണ്ട് കാലഘട്ടവും തമ്മിലുള്ള വ്യത്യാസം ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ താരതമ്യം എന്നത് അംഗീകരിക്കാനാവുന്നതല്ല. ഒരേ സ്ഥലത്ത് തന്നെ പന്തറിയാൻ സാധിക്കുന്ന ബോളർമാർ നിലവിലില്ല. മുൻപ് വസീം അക്രം, ഷെയ്ൻ വോൺ, മഗ്രാത്ത് എന്നിവരൊക്കെ ഇത്തരത്തിൽ മികവ് പുലർത്തിയിരുന്നു. ഇവരുടെയൊന്നും നിലവാരത്തിനൊപ്പമെത്തുന്ന ബോളർമാർ ഇന്നില്ല എന്നതാണ് വസ്തുത.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.
“ഇത്തരം ലോകോത്തര നിലവാരമുള്ള ബോളർമാർക്കെല്ലാം ബാറ്റുകൊണ്ട് മികച്ച മറുപടികൾ നൽകിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. കോഹ്ലിയും ബാറ്റ് കൊണ്ട് തന്നെ മറുപടി നൽകാൻ വളരെ വിദഗ്ധനാണ്. പക്ഷേ സച്ചിൻ ഒരേ ബോളർക്ക് തന്നെ തന്റെ വിക്കറ്റ് നൽകിയിരുന്നില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരുപക്ഷേ ഇന്നത്തെ വിക്കറ്റുകളിലാണ് സച്ചിൻ ബാറ്റ് ചെയ്തിരുന്നത് എങ്കിൽ, 200 സെഞ്ച്വറികളെങ്കിലും കരിയറിൽ നേടിയേനെ.
ഞാൻ സംസാരിക്കുന്നത് വിരാട് കോഹ്ലി മോശം കളിക്കാനാണ് എന്നല്ല. എന്നാൽ ഇന്നത്തെ കാലത്തെപ്പോലെ ഫിറ്റ്നസ് നിലനിർത്താനും, ചെറുപ്പമായി കളിക്കാനും അന്ന് സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇതൊന്നുമില്ലാത്ത കാലഘട്ടത്തിൽ ഇന്ത്യൻ ടീമിനായി റൺ കൂമ്പാരം സൃഷ്ടിച്ച താരമാണ് സച്ചിൻ. അതുകൊണ്ട് ഇരു താരങ്ങളെയും താരതമ്യം ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.”- ശ്രീശാന്ത് പറഞ്ഞു വെക്കുന്നു.