ഇംഗ്ലണ്ട് പര്യടനത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര 2-1 സ്വന്തമാക്കിയതിന് ശേഷം, ഓവലിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിലും ഇംഗ്ലണ്ടിനെ മുട്ടുമടക്കി.
110 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനെ ദയനീയ നിലയിലാക്കിയത് ജസ്പ്രീത് ബുംറയായിരുന്നു.7.1 ഓവറിൽ 19 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് നേടിയത്. സ്റ്റുവർട്ട് ബിന്നിയ്ക്കും അനിൽ കുംബ്ലെയ്ക്കും ശേഷം ഏകദിനത്തിലെ ഇന്ത്യൻ ബൗളറുടെ മികച്ച മൂന്നാമത്തെ ബോളിംഗ് പ്രകടനമാണിത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ബുംറയെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തിയിരുന്നു.
എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും മികച്ച ബൗളർ ബുംറയാണ് എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഓവല്‍ പിച്ചില്‍ നല്ല ബൗണ്‍സുള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളർമാർ കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞു. ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതായിരുന്നു, പ്രത്യേകിച്ച് ബുംറ വിസ്മയ പ്രകടനം കാട്ടി. ബുംറയാണ് എല്ലാ ഫോർമാറ്റിലേയുമായി മികച്ച ബൗളറെന്ന് ഞാന്‍ കുറച്ചുകാലമായി പറയുകയാണ്. ഇതിനോട് നാസർ ഹുസൈന്‍ കമന്‍ററിക്കിടെ യോജിച്ചത് സന്തോഷം പകരുന്നതായും സച്ചിന്‍ കുറിച്ചു.
ലോകത്തെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ഫാസ്റ്റ് ബൗളറാണ് ബുംറയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ മത്സരത്തിലെ കമന്ററിക്കിടെ പറഞ്ഞിരുന്നു. “ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറാണഃ ബുംറ. ആരായിരിക്കും വെല്ലുവിളികൾ? ഒരുപക്ഷേ ട്രെന്റ് ബോൾട്ട്, ഷഹീൻ ഷാ അഫ്രീദി, ജോഫ്ര ആർച്ചർ എന്നിവര്‍ ആയിരിക്കാം. എന്നാൽ ഇപ്പോൾ, അവനാണ് ഏറ്റവും മികച്ചത്,” അദ്ദേഹം പറഞ്ഞു.