ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസതാരങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് ഇന്ത്യൻ ബാറ്റിംഗ് വിസ്മയമായ സച്ചിൻ ടെണ്ടുൽക്കർ. തൻ്റെ ജീവിതത്തിലെ 24 വർഷമാണ് അദ്ദേഹം ക്രിക്കറ്റിനു വേണ്ടി ചിലവഴിച്ചത്. തൻ്റെ അവിശ്വസനീയ കരിയറിന് സച്ചിൻ വിരാമം കുറിക്കുമ്പോൾ ക്രിക്കറ്റിലെ ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോർഡുകളും താരം തൻ്റെ പേരിലേക്ക് ആക്കിയിരുന്നു. പാക്കിസ്ഥാനെതിരെ 1989ൽ ആയിരുന്നു സച്ചിൻ്റെ അരങ്ങേറ്റം.
ഇന്ത്യക്കു വേണ്ടി 664 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം 2012 വരെ ക്രിക്കറ്റിൽ തുടർന്നു. ഇന്ത്യക്കുവേണ്ടി അദ്ദേഹം വാരിക്കൂട്ടിയത് 34,357 റൺസ് ആണ്. 200 ടെസ്റ്റുകളും,463 ഏകദിനങ്ങളും കളിച്ച താരം ട്വൻ്റി-20യിലും തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല സച്ചിന് മറ്റൊരു ഭാഗ്യം കൂടെ ലഭിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഒട്ടുമിക്ക ബൗളർമാരെയും നേരിടുവാൻ സച്ചിന് സാധിച്ചിട്ടുണ്ട്.
മുത്തയ്യ മുരളീധരൻ, ഷൈൻ വോൺ, ഗ്ലെൻ മഗ്രാത്ത്, വഖാർ യൂനിസ്, വസീം അക്രം, ബ്രെറ്റ് ലീ,അലൻ ഡൊണാൾഡ് തുടങ്ങിയ ഇതിഹാസ ബൗളർമാരെ എല്ലാം സച്ചിൻ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ കരിയറിൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ.
“ക്രിക്കറ്റ് എന്നത് ടീം ഗെയിമാണ്. പക്ഷേ ഇപ്പോൾ എല്ലാം ബൗളറും ബാറ്ററും തമ്മിലുള്ള കൊമ്പ് കോർക്കലിലേക്ക് മാറിയിരിക്കുകയാണ്. ഓരോ ബാറ്റർക്കും അതിശയിപ്പിക്കുന്ന ഒരു എതിരാളിയെ കൂടിയാണ് വസീം അക്രമിലൂടെ ലഭിക്കുന്നത്. നിങ്ങളുടെ ഗെയിമിനെ അത്രയും കഴിവുറ്റ ഒരാൾക്കെതിരെ കളിക്കുമ്പോൾ മുകളിലേക്ക് ഉയർത്തും. നിങ്ങൾക്കൊപ്പം ഈ അനുഭവം എപ്പോഴും ഉണ്ടാവുകയും ചെയ്യും. വസീം ഒരു മാസ്റ്റർ തന്നെയായിരുന്നു. അദ്ദേഹം കളിക്കളത്തിൽ ചെയ്തുകൊണ്ടിരുന്നത് ബൗൾ കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു. വളരെ സ്വാഭാവികമായ റണ്ണപ്പ് ആയിരുന്നു വസീം അക്രമിന്റെ. അദ്ദേഹത്തിന് ബാക്കിയുള്ള ഫാസ്റ്റ് ബൗളർമാർ ചെയ്യുന്ന പോലെ ബൗൾ ചെയ്യുവാൻ തൻ്റെ സ്റ്റെപ്പുകൾ അളക്കേണ്ട ആവശ്യമില്ലായിരുന്നു.
വളരെ മനോഹരമായി എവിടെ നിന്നും ഓടിയെത്തി ബൗൾ ചെയ്യുവാൻ അക്രമിന് സാധിച്ചിരുന്നു. അദ്ദേഹം ക്രീസിലൂടെ ഓടിയെത്തുന്നത് വളരെ വേഗത്തിൽ ആയിരിക്കും. അധികം സമയം പോലും നിങ്ങൾക്ക് അത് നേരിടാൻ തയ്യാറാകുവാൻ ലഭിക്കില്ല. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആദ്യമായി അക്രമിനെ നേരിട്ടത്. വേറെ ഒരു ബൗളർമാരെയും നേരിടുമ്പോൾ അതുപോലെയുള്ള ഒരു അനുഭവം എനിക്ക് ലഭിച്ചിട്ടില്ല.
എനിക്ക് ഓർമ്മയുണ്ട് ഞങ്ങൾ പരസ്പരം കളിച്ചിട്ടുള്ള മത്സരങ്ങൾ എല്ലാം. ഊഷ്മളമായ സൗഹൃദത്തിലാണ് ഞങ്ങൾ ഇപ്പോൾ കണ്ടുമുട്ടുമ്പോൾ എല്ലാം.”-വസീം ആക്രമിന്റെ ആത്മകഥയായ സുൽത്താൻ: എ മെമ്മോയർ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സച്ചിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ലോകം കണ്ട എക്കാലത്തെ മികച്ച ഫാസ്റ്റ് ബൗളർ തന്നെയാണ് വസീം അക്രം. ഇപ്പോഴും ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് താരത്തിന്റെ പേരിൽ തന്നെയാണ്. അതുമാത്രമല്ല ആദ്യമായി ഏകദിനത്തിൽ 500 വിക്കറ്റുകൾ നേടിയ ബൗളറും അക്രമാണ്. അദ്ദേഹം തൻ്റെ കരിയർ അവസാനിപ്പിച്ചത് ഏകദിനത്തിൽ 326 മത്സരങ്ങളിൽ നിന്നും 502 വിക്കറ്റുകൾ നേടിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ നിന്നും 414 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.