സച്ചിൻ ബേബിയുടെ തീപ്പൊരി ഫിഫ്റ്റി. നാലാം വിജയം സ്വന്തമാക്കി കൊല്ലം സൈലേഴ്‌സ്.

കേരള ക്രിക്കറ്റ് ലീഗിൽ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി കൊല്ലം സെയിലേഴ്സ്. ട്രിവാൻഡ്രം റോയൽസ് ടീമിനെതിരായ മത്സരത്തിൽ മഴ നിയമപ്രകാരം 6 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം സ്വന്തമാക്കിയത്. മത്സരത്തിൽ കൊല്ലത്തിനായി ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ഷറഫുദ്ദീൻ ആയിരുന്നു. മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഷറഫുദ്ദീന് സാധിച്ചു. ശേഷം ബാറ്റിംഗിൽ തട്ടുപൊളിപ്പൻ അർധ സെഞ്ച്വറിയുമായി നായകൻ സച്ചിൻ ബേബി തിളങ്ങി. ഇതോടെ മത്സരത്തിൽ അനായാസ വിജയം കൊല്ലം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കൊല്ലം ഫീൽഡിംഗ് തെരഞ്ഞെടുത്തു. തരക്കേടില്ലാത്ത തുടക്കമായിരുന്നു ട്രിവാൻഡ്രം റോയൽസ് ടീമിന് ലഭിച്ചത്. വിഷ്ണു രാജും ഗോവിന്ദ് പൈയും ആദ്യ സമയങ്ങളിൽ ക്രീസിലുറച്ചത് ട്രിവാൻഡ്രത്തിന് ബലമായി മാറി. ഇരുവരും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ റൺ സ്കോറിങ് ഉയർത്തുകയായിരുന്നു. വിഷ്ണു രാജ് 27 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 32 റൺസാണ് നേടിയത്. ഗോവിന്ദ് പൈ 32 പന്തുകളിൽ 33 റൺസ് നേടി. ശേഷം നാലാമനായി ക്രീസിലെത്തിയ ആദർശ് 17 പന്തുകളിൽ 25 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു.

എന്നാൽ ഇതിന് ശേഷമെത്തിയ ബാറ്റർമാരൊക്കെയും മത്സരത്തിൽ വലിയ രീതിയിൽ പരാജയപ്പെടുകയായിരുന്നു. നായകൻ അബ്ദുൽ ബാസിത് അടക്കമുള്ളവർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. ഇതോടെ ട്രിവാൻഡ്രത്തിന്റെ സ്കോർ 136 റൺസിൽ ഒതുങ്ങി. മത്സരത്തിൽ 19 റൺസ് മാത്രം വിട്ടുനൽകിയാണ് ഷറഫുദ്ദീൻ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് സൂപ്പർതാരം അഭിഷേക് നായരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം അരുൺ പൗലോസും നായകൻ സച്ചിൻ ബേബിയും ക്രീസിൽ ഉറയ്ക്കുന്നതാണ് കണ്ടത്.

അരുൺ 23 റൺസ് നേടി പുറത്തായെങ്കിലും സച്ചിൻ ബേബി ഒരുവശത്ത് ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ കല്ലുകടിയായി മഴയെത്തിയത് മത്സരത്തെ ബാധിച്ചു. സച്ചിൻ മത്സരത്തിൽ 30 പന്തുകളിൽ നിന്നാണ് 51 റൺസ് നേടിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും സച്ചിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ കൊല്ലം ടീം 11 ഓവറുകളിൽ 107 റൺസ് സ്വന്തമാക്കിയപ്പോൾ വീണ്ടും മഴയെത്തുകയായിരുന്നു. മഴ നിയമപ്രകാരം 6 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം മത്സരത്തിൽ സ്വന്തമാക്കിയത്. 5 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് കൊല്ലം ടീം നിൽക്കുന്നത്.

Previous articleവരുൺ നായനാരുടെ തൂക്കിയടി, വിഷ്ണു വിനോദിന്റെ താണ്ഡവം. കൊച്ചിയെ പറത്തി തൃശൂർ ടൈറ്റൻസ്.
Next articleഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച് ശ്രീലങ്ക. ജയസൂര്യ വിപ്ലവം തുടരുന്നു.