2023 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാഡിന്റെ തകർപ്പൻ വെടിക്കെട്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഗുജറാത്തിനെതിരായ മത്സരത്തിൽ വമ്പൻ തുടക്കമാണ് ഋതുരാജ് ചെന്നൈ ടീമിന് നൽകിയത്. ഗുജറാത്തിന്റെ മുഴുവൻ ബോളർമാരെയും ഗ്യാലറിയിലേക്ക് പറത്തിയ പ്രകടനമാണ് ഋതുരാജ് മത്സരത്തിൽ കാഴ്ചവച്ചത്. ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ ഋതുരാജ് ആദ്യ ബോൾ മുതൽ താണ്ഡവം തുടങ്ങുകയായിരുന്നു. ഗുജറാത്ത് നിരയിലെ ജോഷ്വാ ലിറ്റിലിനെയും അല്‍സാരി ജോസഫിനെയുമൊക്കെ വമ്പൻ സിക്സറിന് പറത്തിയാണ് ഋതുരാജ് മത്സരത്തിൽ തന്റെ വരവറിയിച്ചത്.
മത്സരത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റാൻസിന് മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ചെന്നൈയുടെ ഓപ്പണർ കോൺവെയെ(1) ആദ്യം തന്നെ കൂടാരം കയറ്റാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. എന്നാൽ ഒരുവശത്ത് ഋതുരാജ് അടിച്ചു തകർത്തു. ഗുജറാത്ത് നിരയിലെ ഒരു ബോളറെ പോലും സെറ്റിലാവാൻ ഋതുരാജ് സമ്മതിച്ചില്ല. മറുവശത്ത് മോയിൻ അലിയുടെയും(23) ബെൻ സ്റ്റോക്സിന്റെയും(7) വിക്കറ്റുകൾ നഷ്ടമായപ്പോഴും ഋതുരാജ് ചെന്നൈയുടെ കോട്ട കാക്കുകയായിരുന്നു.
കേവലം 23 പന്തുകളിലായിരുന്നു ഋതുരാജ് മത്സരത്തിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷവും ഋതുരാജ് തന്റെ താണ്ഡവം തുടർന്നു. മത്സരത്തിൽ 50 പന്തുകൾ നേരിട്ട ഋതുരാജ് 92 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും ചെന്നൈയെ സംബന്ധിച്ച് വളരെ പ്രതീക്ഷകൾ നൽകാവുന്ന തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ബെൻ സ്റ്റോക്സിന്റെ ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനം ചെന്നൈയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നിരുന്നാലും ഭേദപ്പെട്ട ഒരു സ്കോർ ബോർഡിൽ ചേർക്കാൻ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിനെ പൂർണമായും അനുകൂലിക്കുന്നതിനാൽ തന്നെ മികച്ച ബോളിങ് പ്രകടനം നടത്തിയാൽ മാത്രമേ ചെന്നൈക്ക് വിജയം കണ്ടെത്താൻ സാധിക്കുകയുള്ളൂ.