ബാംഗ്ലൂര്‍ ബോളര്‍മാരെ ചെണ്ടയാക്കി കൊല്‍ക്കത്ത. ചിന്നസ്വാമിയില്‍ ആതിഥേയര്‍ തോറ്റു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തങ്ങളുടെ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് ആയിരുന്നു നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ മുൻനിരയിലുള്ള മുഴുവൻ ബാറ്റർമാരും ആക്രമണം അഴിച്ചുവിട്ടപ്പോൾ അനായാസം വിജയം കൊൽക്കത്തയെ തേടി എത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നുm ബാംഗ്ലൂർ നായകൻ ഡുപ്ലസിയെ(8) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ കൊൽക്കത്തക്ക് സാധിച്ചു. എന്നാൽ ഒരു വശത്ത് കോഹ്ലി ക്രീസിലുറച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ക്യാമറോൺ ഗ്രീനുമൊപ്പം(33) ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് കോഹ്ലി കെട്ടിപടുത്തുന്നത്. മത്സരത്തിൽ 36 പന്തുകളിലാണ് കോഹ്ലി തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ ബാംഗ്ലൂരിന്റെ മറ്റു ബാറ്റർമാർ മധ്യനിരയിൽ പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയുണ്ടാക്കി.

പക്ഷേ ഇതൊക്കെയും ഇല്ലാതാക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിൽ 59 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുടക്കം 83 റൺസാണ് കോഹ്ലി നേടിയത്. 8 പന്തുകളിൽ 20 റൺസ് സ്വന്തമാക്കിയ കാർത്തിക്കും അവസാന ഓവറുകളിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഇതോടെ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്കായി ഫിൽ സോൾട്ടും സുനിൽ നരേയ്നും ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 39 പന്തുകളിൽ 86 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു.

നരേയ്ൻ 22 പന്തുകളിൽ 2 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 47 റൺസാണ് നേടിയത്. സോൾട്ട് 20 പന്തുകളിൽ 30 റൺസ് നേടി. ഇരുവർക്കും ശേഷമെത്തിയ വെങ്കിടേഷ് അയ്യരും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചപ്പോൾ കൊൽക്കത്ത അനായാസം വിജയത്തിലേക്ക് മാറി.

കേവലം 30 പന്തുകളിൽ 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 50 റൺസാണ് വെങ്കിടേഷ് നേടിയത്. ഒപ്പം നായകൻ ശ്രേയസ് അയ്യരും(33) തന്റേതായ രീതിയിൽ പ്രകടനം കാഴ്ചവച്ചതോടെ കൊൽക്കത്ത 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചിരിക്കുന്നത്.

Previous articleവീണ്ടും വിരാട് കോഹ്ലി. വീണ്ടും ഫിഫ്റ്റി. ഓറഞ്ച് ക്യാപ്പും സ്വന്തം
Next articleസിക്സ് റെക്കോഡുമായി വിരാട് കോഹ്ലി. മറികടന്നത് ധോണിയേയും ഗെയ്ലിനെയും.