വെസ്റ്റിൻഡീസ് താരവും നിലവിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്ററുമായ റോവ്മൻ പവലിൻറെ കഥ വെളിപ്പെടുത്തി മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. ദാരിദ്ര്യത്തിൽ നിന്ന് കുടുംബത്തെ കരകയറ്റും എന്ന് ഉറപ്പു നൽകിയിരുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥി പവലിൻ്റെ കഥയാണ് ഇയാന്‍ ബിഷപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതുകൊണ്ടാണ് അവന് ഐപിഎല്ലിൽ അവസരം ലഭിച്ചപ്പോൾ ഇത്രയധികം താനടക്കമുള്ളവർ സന്തോഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അവൻ വളർന്നു വന്ന സാഹചര്യങ്ങൾ അറിയുന്നവർക്ക് അവൻ്റെ ഇപ്പോഴത്തെ നില കണ്ട് സന്തോഷിക്കാതിരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
“ആർക്കെങ്കിലും ഒരു 10 മിനിറ്റ് മാറ്റിവെയ്ക്കാൻ സാധിക്കുമെങ്കിൽ യൂട്യൂബിൽ റോവ്മാൻ പവലിൻ്റെ ജീവിതകഥ കാണുക. പവലിന് ഐ പി എല്ലിൽ അവസരം ലഭിച്ചതിൽ ഞാനുൾപ്പെടെ പലരും സന്തോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നാണ് അവൻ വളർന്നുവന്നത്. സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ദാരിദ്ര്യത്തിൽ നിന്നും കുടുംബത്തെ കരകയറ്റുമെന്ന് അവൻ അമ്മയ്ക്ക് വാക്കുകൊടുത്തു.”-. ഇയാൻ ബിഷപ്പ് പറഞ്ഞു.
ഐപിഎല്ലിൽ ആദ്യമത്സരത്തിൽ തിളങ്ങാനായില്ല പവലിന്.2.80 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് താരത്തിനെ സ്വന്തമാക്കിയത്. രാജസ്ഥാനെതിരെ 15 പന്തിൽ 36 റൺസും, കൊൽക്കത്തക്കെതിരെ പുറത്താകാതെ 16 പന്തിൽ 33 റൺസും താരം നേടി.
കരീബിയൻ പ്രീമിയർ ലീഗ് തയ്യാറാക്കിയ ഡോക്യുമെൻ്ററിയിലാണ് താരത്തിൻ്റെ കഥ വിവരിക്കുന്നത്. ജമൈക്കയിലെ ഓൾഡ് ഹാർബറിൽ അമ്മക്കും ഇളയ സഹോദരിക്കും ഒപ്പം ഒരുപാട് കഷ്ടപ്പെട്ടാണ് പവൽ വളർന്നത്.