രോഹിതിന്റെ ഏറ്റവും വലിയ പിഴവ്. ദുബെയെ ടീമിലെടുത്തത് സഞ്ജു പുറത്തിരിക്കുമ്പോൾ.

2024 ട്വന്റി20 ലോകകപ്പിൽ വിജയ കുതിപ്പ് തുടരുമ്പോഴും ഇന്ത്യയ്ക്ക് വലിയ തലവേദനയായി നിൽക്കുകയാണ് ശിവം ദുബെയുടെ മോശം ഫോം. ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ദുബെയെ ഉൾപ്പെടുത്തിയത് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി ട്വന്റി20കളിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റിങ്കൂ സിംഗിനെ കേവലം റിസർവ് കളിക്കാരനായി മാറ്റിയാണ് ദുബെയെ ഇന്ത്യയെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ ലോകകപ്പിൽ പൂർണ്ണമായും പരാജയപ്പെടുന്ന താരത്തെയാണ് കാണാൻ സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും ഗോൾഡൻ ഡക്കായി ആണ് ദുബെ പുറത്തായത്.

ഈ ലോകകപ്പിൽ അസ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ടാണ് ദുബെ ശ്രദ്ധയാകർഷിച്ചത്. ബാറ്റിംഗിൽ വിചാരിച്ച ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ദുബെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 0, 28, 34, 10, 31, 3 എന്നിങ്ങനെയാണ് ദുബെ കഴിഞ്ഞ മത്സരങ്ങളിൽ നേടിയത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ പൂജ്യനായി ദുബെ പുറത്താവുകയും ചെയ്തു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ചെറിയ ഒരു ക്യാമിയോ പ്രകടനം കാഴ്ചവച്ചത് ഒഴിച്ചാൽ ഇതുവരെ ഇമ്പാക്ട് തോന്നുന്ന ഒരു ഇന്നിംഗ്സ് പോലും ദുബെയിൽ നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല മധ്യനിരയുടെ ഉത്തരവാദിത്വം യാതൊരു തരത്തിലും ഏറ്റെടുത്ത് മുൻപോട്ടു പോവാനും താരത്തിന് സാധിച്ചിട്ടില്ല.

ഈ ലോകകപ്പിൽ ഇതുവരെ 7 മത്സരങ്ങൾ കളിച്ച ദുബെ 106 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 21.2 എന്ന ശരാശരിയാണ് താരത്തിനുള്ളത്. മാത്രമല്ല 106 എന്ന വളരെ മോശം സ്ട്രൈക്ക് റേറ്റും ദുബെയ്ക്കുണ്ട്. മധ്യ ഓവറുളിൽ ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചത് ദുബെ തന്നെയാണ്. തുടർ പരാജയങ്ങൾക്ക് ശേഷം വീണ്ടും ദുബെയെ ടീമിൽ കളിപ്പിക്കാനുള്ള രോഹിത് ശർമയുടെ തീരുമാനവും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.

ആദ്യ മത്സരങ്ങളിൽ തന്നെ താൻ ഒട്ടും താളത്തിലല്ല എന്ന് ദുബെ തെളിയിക്കുകയുണ്ടായി. ഈ സമയത്ത് സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അന്നുതന്നെ ദുബെയെ ഒഴിച്ച് നിർത്തി മറ്റൊരു താരത്തിന് അവസരം നൽകാൻ രോഹിത്തിന് സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല.

എന്തായാലും ഈ ലോകകപ്പിന് ശേഷം ഏറ്റവുമധികം ചർച്ചയാവാൻ പോകുന്ന ഒരു താരം തന്നെയായിരിക്കും ശിവം ദുബെ. മുൻപ് 2019 ഏകദിന ലോകകപ്പിൽ ഇന്ത്യ അമ്പട്ടി റായുഡു എന്ന നാലാം നമ്പർ ബാറ്റർക്ക് പകരം ഓൾറൗണ്ടർ വിജയ് ശങ്കറിനെ ഉൾപ്പെടുത്തുകയും പൂർണമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇവിടെ ദുബെയുടെ കാര്യത്തിലും അതുതന്നെ ആവർത്തിക്കുകയാണ്.

സഞ്ജുവിനെ പോലെയുള്ള താരങ്ങൾ ബെഞ്ചിൽ ഉണ്ടായിട്ടും വീണ്ടും ദുബെയ്ക്ക് ഇന്ത്യ അവസരം നൽകുന്നു. എന്നിരുന്നാലും ഫൈനൽ മത്സരത്തിലെങ്കിലും ദുബെ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Previous articleകണക്കുകൾ ബാക്കിവയ്ക്കുന്ന ശീലം ഇന്ത്യയ്ക്കില്ല. ഇവിടെ തീർന്നത് ആ 10 വിക്കറ്റിന്റെ കണക്ക്.
Next article“എന്നേക്കാൾ 1000 മടങ്ങ് മികച്ച താരമാണ് ജസ്‌പ്രീത് ബുമ്ര ” കപിൽ ദേവിന്റെ പ്രസ്താവന.