ഇന്നലെയായിരുന്നു ഐപിഎൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സ് പോരാട്ടം. 198 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 12 റൺസിനായിരുന്നു മുംബൈയുടെ തോൽവി. ഈ സീസണിൽ തുടർച്ചയായി അഞ്ചാം മത്സരമാണ് മുംബൈ ഇന്ത്യൻസ് തോൽക്കുന്നത്. ഇതുവരെ ഒരു മത്സരത്തിൽ വിജയം നേടാൻ അവർക്ക് ആയിട്ടില്ല. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് മറ്റൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
കുറഞ്ഞ ഓവർ നിരക്കിന് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ടീമംഗങ്ങൾ ആറുലക്ഷം അല്ലെങ്കിൽ മാച്ച് ഫീസിന്‍റെ 25% പിഴയായി നൽകണം. നേരത്തെയും രോഹിത്തിന് കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ പിഴ ലഭിച്ചിരുന്നു. 12 ലക്ഷം രൂപയായിരുന്നു അന്ന് ലഭിച്ചത്. തെറ്റ് ആവർത്തിച്ചതിനാലാണ് താരത്തിന് പിഴ ഇരട്ടി ആയത്. തെറ്റ് ഇനിയും ആവർത്തിച്ചു കഴിഞ്ഞാൽ രോഹിത്തിന് ഒരു മത്സരത്തിൽ വിലക്ക് വന്നേക്കും.
മത്സരത്തില്‍ പഞ്ചാബിനു വേണ്ടി ശിഖർ ധവാൻ, ക്യാപ്റ്റൻ മായങ്ക് അഗർവാൾ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി ബ്രവിസും സൂര്യകുമാർ യാദവും തിലക് വർമയും മാത്രമാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. നാലു വിക്കറ്റുമായി ഒഡിയന്‍ സ്മിത്തും രണ്ടു വിക്കറ്റ് നേടി റബാദ മികച്ച പ്രകടനം കാഴ്ച വച്ചു.