ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നിൽ നായകൻ രോഹിത് ശർമയാണെന്ന് റിപ്പോർട്ടുകൾ. ഏകദിനത്തിൽ മികച്ച റെക്കോർഡും ഫോമിലും ഉള്ള സഞ്ജുവിനെ ഒഴിവാക്കിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചിരുന്നത്. ഏകദിനത്തിനുള്ള ടീമിൽ ഉറപ്പായും സ്ഥാനം നേടും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
എന്നാൽ ടീമിൽ സഞ്ജുവിന്റെ ആവശ്യമില്ലെന്ന് സെലക്ടർമാരോട് രോഹിത് പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശ്രീലങ്കക്കെതിരായ ട്വിന്‍റി-20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. ടീമിൽ മറ്റൊരു വിക്കറ്റ് കീപ്പർ ആയിട്ടുള്ളത് ഇഷാൻ കിഷൻ ആണ്. ഏകദിനത്തിൽ ഇഷാൻ കിഷൻ സ്ഥാനം നേടിയപ്പോൾ വിക്കറ്റ് കീപ്പറായി കൂടെ രാഹുലും ഉണ്ട്. രണ്ട് ഫോർമാറ്റുകളിലും സഞ്ജുവിനെ ഉൾപ്പെടുത്തണം എന്നായിരുന്നു കീഴിലുള്ള കമ്മിറ്റി തീരുമാനിച്ചിരുന്നത്. രാഹുലിനെ ഏകദിനത്തിൽ നിന്നും ഒഴിവാക്കാനും അവർ തീരുമാനിച്ചിരുന്നു.
എന്നാൽ എല്ലാം തകിടം മറിച്ചത് നായകൻ രോഹിത് ശർമയുടെ ഇടപെടൽ ആണെന്നാണ് അറിയുന്നത്. ഏകദിനത്തിൽ വിക്കറ്റ് കീപ്പറുടെ റോൾ സഞ്ജുവിന് പകരം രാഹുലിന് നൽകാൻ രോഹിത് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഈ അടുത്തായി വളരെ മോശം ഫോമിലൂടെയാണ് രാഹുൽ കടന്നുപോകുന്നത്. രോഹിത്തിന്റെ പിന്തുണ കൊണ്ടാണ് രാഹുൽ വീണ്ടും ഏകദിന ടീമിൽ തുടരാൻ കാരണം. അതേസമയം ടീമിൽ ഉണ്ടായിട്ടും പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത് ഹർദിക് പാണ്ഡ്യയെയാണ്.
ഈ വർഷം ആദ്യം സഞ്ജുവിനെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ച രോഹിത് എന്തുകൊണ്ടാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ലോകകപ്പ് വേദിയായ ഓസ്ട്രേലിയയിൽ തിളങ്ങാൻ കഴിവുള്ള താരമാണ് സഞ്ജു എന്ന് പറഞ്ഞിരുന്ന രോഹിത്തിന്റെ ഭാഗത്തു നിന്നും ലോകകപ്പിന്റെ ഇന്ത്യൻ ടീമിലെ തിരഞ്ഞെടുപ്പിൽ സഞ്ജുവിന് വേണ്ട പിന്തുണ ഒന്നും കണ്ടിട്ടില്ല. ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനമാണ് ഈ വർഷം സഞ്ജു കാഴ്ചവച്ചിട്ടുള്ളത്. 11 ഏകദിന മത്സരങ്ങളിൽ നിന്നും 330 റൺസ് ആണ് താരം നേടിയിട്ടുള്ളത്. താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 86 റൺസ് ആണ്. 104.76 സ്ട്രൈക്ക് റേറ്റിൽ 66 ആണ് താരത്തിന്റെ ശരാശരി.