2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ 2 മത്സരത്തിലും ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ട മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. രോഹിത് ശർമ ഉടൻ തന്നെ ഫോമിലേക്ക് തിരികെയെത്തേണ്ടത് മുംബൈ ഇന്ത്യൻസ് ടീമിന്റെ ആവശ്യമാണ് എന്ന് മൈക്കിൾ വോൺ പറയുകയുണ്ടായി. താൻ ഇന്ത്യൻ ജേഴ്സിയാണ് അണിഞ്ഞിരിക്കുന്നത് എന്ന് മനസ്സിൽ വിചാരിച്ച് രോഹിത് ബാറ്റിംഗ് തുടരണമെന്നാണ് തമാശ രൂപേണ മൈക്കിൾ വോൺ വ്യക്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ പൂജ്യനായി പുറത്തായ രോഹിത് ശർമയ്ക്ക് ഗുജറാത്തിനെതിരെ 8 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ശേഷമാണ് വോൺ രംഗത്ത് എത്തിയത്.
“രോഹിത് ശർമ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യമാണ്. താൻ മുംബൈ ഇന്ത്യൻസിന്റെ നീല ജേഴ്സിയല്ല അണിഞ്ഞിരിക്കുന്നത് എന്ന് ചിന്തിക്കുക. ഇന്ത്യൻ ടീമിന്റെ നീല ജേഴ്സിയാണ് തന്റെ ശരീരത്തിലുള്ളത് എന്ന് വിചാരിച്ച് മുൻപിലേക്ക് പോവുക. കാരണം അത്രമാത്രം മികച്ച താരമാണ് രോഹിത് ശർമ. ഈ വർഷം മുംബൈ കിരീടത്തിന് അടുത്തേക്ക് എത്തണമെങ്കിൽ രോഹിത് ശർമ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മുൻപ് മുംബൈ ടീമിന് തകർപ്പൻ തുടക്കങ്ങൾ നൽകിയിരുന്ന താരമാണ് രോഹിത് ശർമ. അതുകൊണ്ടു തന്നെ അവൻ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. രോഹിത് ശർമ ഈ സീസണിൽ ആക്രമണം അഴിച്ചുവിട്ടില്ലെങ്കിൽ മുംബൈ ഇന്ത്യൻസ് പ്ലേയോഫിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ കരുതുന്നില്ല. സ്വന്തമായി മത്സരം വിജയിക്കാൻ പ്രാപ്തിയുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ.”- മൈക്കിൾ വോൺ പറഞ്ഞു.
“ചില സമയങ്ങളിൽ രോഹിത് ഇത്തരത്തിൽ വ്യത്യസ്തമായാണ് കാണപ്പെടാറുള്ളത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും താൻ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചിന്തിക്കാൻ സാധിക്കാത്ത രോഹിത്തിനെയാണ് കാണാൻ സാധിച്ചത്. ഇത്തരത്തിലല്ല രോഹിത് മുമ്പോട്ട് പോകേണ്ടത്. അവൻ കൃത്യമായി തന്റെയുള്ളിൽ ഒരു പ്രചോദനം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ മുൻപോട്ടു വരാൻ സാധിച്ചാൽ രോഹിതിനെക്കാൾ അപകടകാരിയായ മറ്റൊരു ബാറ്റർ ലോക ക്രിക്കറ്റിൽ നിലവിലില്ല.”- മൈക്കിൾ വോൺ കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ 4 പന്തുകൾ നേരിട്ടെങ്കിലും രോഹിത് ശർമയ്ക്ക് ഒരു റൺസ് പോലും സ്വന്തമാക്കാൻ സാധിച്ചില്ല. ശേഷം ഗുജറാത്തിനെതിരെ 2 ബൗണ്ടറികൾ നേടിയാണ് രോഹിത് ശർമ തന്റെ ഇന്നിംഗ്സിൽ തുടക്കമിട്ടത്. പക്ഷേ തൊട്ടടുത്ത പന്തിൽ തന്നെ രോഹിത്തിന് പുറത്താകേണ്ടി വന്നു. 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചതിന് ശേഷം വലിയ പ്രതീക്ഷയോടെ ആയിരുന്നു രോഹിത് ശർമ ഐപിഎല്ലിലേക്ക് എത്തിയത്. എന്നാൽ മികച്ച തുടക്കമല്ല താരത്തിന് ലഭിച്ചിരിക്കുന്നത്.