ഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിട്ടിരുന്നു ഈ 3 മത്സരങ്ങളിലും വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗിൽ കാഴ്ചവച്ചത്. പരമ്പരയിൽ 6 ഇന്നിങ്സുകളിൽ നിന്ന് കേവലം 91 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത്. മാത്രമല്ല നായകൻ എന്ന നിലയിലും രോഹിത് പരമ്പരയിൽ പരാജയപ്പെടുകയുണ്ടായി.

ന്യൂസിലാൻഡ് പേസർമാർക്ക് മുൻപിൽ യാതൊരു തരത്തിലും പിടിച്ചുനിൽക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ഇതിനുശേഷം രോഹിത് ശർമയുടെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ. ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ രോഹിത് മൂന്നാമനായി എത്തണമെന്നാണ് കനേറിയ പറയുന്നത്.

പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുമായി നടന്ന അഭിമുഖത്തിലാണ് കനേറിയ ഇക്കാര്യം പറഞ്ഞത്. രോഹിത് പരമ്പരയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് കനേറിയ കരുതുന്നത്. മാത്രമല്ല ഓപ്പണിങ് പൊസിഷൻ ശുഭമാൻ ഗില്ലിന് നൽകണമെന്നും കനേറിയ പറയുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ടിം സൗതി, മാറ്റ് ഹെൻറി തുടങ്ങിയ പേസർമാർക്കെതിരെ രോഹിത് പതറിയിരുന്നു എന്ന് കനേറിയ കൂട്ടിച്ചേർക്കുന്നു. ഓസ്ട്രേലിയൻ സാഹചര്യത്തിൽ പന്തിൽ ഒരുപാട് ചലനങ്ങൾ ഉണ്ടാകുമെന്നും കനേറിയ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് രോഹിത്തിനെ മൂന്നാം നമ്പരിൽ ഇന്ത്യ കളിപ്പിക്കണമെന്ന് താരം പറയുന്നത്.

“രോഹിത് ശർമ തന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തണമെന്നാണ് ഞാൻ കരുതുന്നത്. കാരണം കഴിഞ്ഞ പരമ്പരയിൽ പേസർമാർക്കെതിരെ രോഹിത് ഒരുപാട് ബുദ്ധിമുട്ടി. സൗത്തി 2 തവണ രോഹിത്തിനെ പുറത്താക്കുകയുണ്ടായി. ഓസ്ട്രേലിയൻ സാഹചര്യങ്ങളിലും ബോൾ വായുവിൽ ചലിക്കാൻ സാധ്യതയുണ്ട്.”- കനേറിയ പറയുന്നു. ഈ സാഹചര്യത്തിൽ ജയസ്വാളും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങണമെന്നാണ് കനേറിയയുടെ വാദം. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് കൃത്യമായി നിയന്ത്രിക്കാൻ ഗൗതം ഗംഭീറിന് സാധിക്കണമെന്നും കനേറിയ പറയുകയുണ്ടായി.

“ശുഭ്മാൻ ഗില്ലും ജയ്സ്വാളുമാണ് ഇന്ത്യക്കായി ഓസ്ട്രേലിയയിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യേണ്ടത്. രോഹിത് ശർമ മൂന്നാം നമ്പറിലും വിരാട് കോഹ്ലി നാലാം നമ്പറിലും കളിക്കണം. അത് ഇന്ത്യയുടെ സ്കോറിങ് റേറ്റ് ഉയർത്താനും സഹായിക്കും. ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഗംഭീറിന് വളരെ നിർണായകമായ ഒരു റോളാണുള്ളത്. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും സ്ക്വാഡിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ ഗംഭീറിന്റെ റോൾ കൂടുതൽ നിർണായകമാകുന്നു.”- കനേറിയ പറഞ്ഞു വയ്ക്കുന്നു.

Previous articleസർഫറാസിനെ ഒഴിവാക്കൂ, ഓസീസിനെതിരെ ആ 2 താരങ്ങളെ കളിപ്പിക്കൂ. ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.
Next articleമഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല. അപൂര്‍വ്വ നേട്ടവുമായി ജലജ് സക്സേന.