ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെച്ചത്. കൂടുതൽ ആക്രമണപരമായാണ് രോഹിത് ശർമ മത്സരത്തിൽ ഇന്നിംഗ്സ് ആരംഭിച്ചത്. മത്സരത്തിൽ 11 പന്തുകൾ നേരിട്ട രോഹിത് 23 റൺസ് സ്വന്തമാക്കുകയുണ്ടായി.
3 ബൗണ്ടറികളും ഒരു സിക്സറുമാണ് രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. എന്നാൽ ഇത്തരം മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ രോഹിത്തിന് സാധിച്ചില്ല എന്നത് ഇന്ത്യൻ ക്യാമ്പിൽ നിരാശയുണ്ടാക്കി. ഈ സാഹചര്യത്തിൽ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു.
രോഹിത് ഇത്തരത്തിൽ വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം നിർത്തേണ്ടതുണ്ട് എന്ന് സിദ്ധു പറയുകയുണ്ടായി. “ഇത്ര മികച്ച ഒരു തുടക്കം ലഭിച്ചിട്ടും ഇങ്ങനെ വിക്കറ്റ് വലിച്ചെറിയുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. മത്സരത്തിൽ ഒരു വമ്പൻ മനോഭാവത്തോടെയാണ് രോഹിത് ശർമ ആരംഭിച്ചത്. അതുകൊണ്ടു തന്നെ അവന് ഒരു സെഞ്ച്വറി നേടാൻ പോലും മത്സരത്തിൽ സാധിക്കുമായിരുന്നു. പക്ഷേ കാര്യങ്ങൾ കഠിനമായി കണ്ടത് രോഹിത്തിനെ മത്സരത്തിൽ ബാധിച്ചു. മത്സരത്തിൽ രോഹിത് ബൗണ്ടറികളും സിക്സറും നേടിയ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ അത് രോഹിത് തുടരേണ്ടതായിരുന്നു.”- സിദ്ധു പറഞ്ഞു.
എന്നാൽ രോഹിത് ടീമിനെ പറ്റി മാത്രം ചിന്തിക്കുന്ന ഒരു താരമാണ് എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇതിന് മറുപടി നൽകിയത്. “ഓവറിലെ ആദ്യ 3 പന്തുകളിൽ 10 റൺസ് സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് ഒരു കഠിനമായ ഷോട്ട് രോഹിത് കളിക്കുകയും പുറത്താകുകയും ചെയ്തത്. ഇതിന് പ്രധാന കാരണം രോഹിത് ടീമിനെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതാണ്. എന്തായാലും ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തരക്കേടില്ലാത്ത തുടക്കം നൽകാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു.”- ഗവാസ്കർ പറഞ്ഞു.
മത്സരത്തിൽ രോഹിത് നൽകിയ തുടക്കം അങ്ങേയറ്റം മികച്ച രീതിയിൽ മുതലെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറകളിൽ 196 റൺസാണ് സ്വന്തമാക്കിയത്. മാത്രമല്ല മത്സരത്തിൽ 146 റൺസിൽ ബംഗ്ലാദേശിനെ പുറത്താക്കി 50 റൺസിന്റെ വിജയം സ്വന്തമാക്കാനും ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. ഇന്ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ അവസാന മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടി സെമിഫൈനലിൽ എത്തുക എന്നതാണ് ഇന്ത്യയുടെ നിലവിലെ ലക്ഷ്യം.