അഡ്ലൈഡിൽ രോഹിത് ഓപ്പണിങ് ഇറങ്ങരുത്. 3 കാരണങ്ങൾ ഇതാ.

വ്യക്തിപരമായ കാരണങ്ങൾ മൂലം ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ നിന്ന് ഇന്ത്യ നായകൻ രോഹിത് ശർമയ്ക്ക് മാറി നിൽക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ കെഎൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

എന്നാൽ രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ രോഹിത് ശർമ തിരികെ എത്തുമ്പോൾ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുമെന്ന ചോദ്യം നിലനിൽക്കുകയാണ്. രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണറായി രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൈതാനത്ത് ഇറങ്ങാനാണ് സാധ്യത. എന്നാൽ ഇതൊരു മോശം തീരുമാനമാകും എന്നാണ് പല എക്സ്പേർട്ടുകളും വിലയിരുത്തുന്നത്. രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങാൻ പാടില്ല എന്ന പ്രസ്താവനയെ സാധൂകരിക്കുന്ന 3 കാരണങ്ങൾ പരിശോധിക്കണം.

  1. പിങ്ക് ബോൾ അപകടം

ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ രാത്രി ബാറ്റ് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല ഇത് പിങ്ക് ബോളിലാവുമ്പോൾ ബാറ്റർമാരെ കൂടുതൽ പ്രയാസപ്പെടുത്തുമെന്നത് ഉറപ്പാണ്. ഒരു ബാറ്റർക്ക് കഴിഞ്ഞ മത്സരങ്ങളിൽ ആവശ്യമായ റൺസ് സ്വന്തമാക്കാൻ സാധിക്കാത്തപക്ഷം, പിങ്ക് ബോളിന്റെ ചലനങ്ങൾ അവന്റെ ആത്മവിശ്വാസത്തെ ബാധിക്കും. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജയസ്വാളും രാഹുലും ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത് തന്നെയാവും ഉത്തമം.

  1. രാഹുൽ ഫോമിലേക്ക് തിരികെയെത്തി

കെഎൽ രാഹുൽ ഫോമിലല്ലാത്ത സമയത്താണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് താരത്തെ തിരഞ്ഞെടുത്തത്. എന്നാൽ ടീം മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസത്തിന് മികച്ച പ്രതിഫലം നൽകാൻ രാഹുലിന് ആദ്യ ടെസ്റ്റിൽ സാധിച്ചു. 103 റൺസാണ് രാഹുൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി നേടിയത്. ഇതോടെ തന്റെ ബാറ്റിംഗിൽ ആത്മവിശ്വാസം വീണ്ടെടുക്കാനും രാഹുലിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ തന്നെ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുന്നതാണ് ഉത്തമമെന്ന് പലവിദഗ്ധരും പറയുന്നു.

  1. ഫോമിലേക്ക് തിരികെ വരാൻ രോഹിത് കാത്തിരിക്കണം..

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സമ്മർദ്ദത്തിൽ അകപ്പെടുന്ന സാഹചര്യത്തിൽ രോഹിത് ശർമ വളരെ ബുദ്ധിമുട്ടുന്നത് കാണുകയുണ്ടായി. നിശ്ചിത ഓവർ ക്രിക്കറ്റിൽ വമ്പൻ ഷോട്ടുകൾ കളിച്ചാണ് രോഹിത് ശർമ സമ്മർദ്ദത്തെ അതിജീവിക്കാറുള്ളത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ അത് അപകടകരമായ വഴിയാണ്. പക്ഷേ ഇപ്പോൾ രോഹിത്തിന് ആവശ്യം കുറച്ച് ക്ഷമ കാട്ടുക എന്നതാണ്. അതുകൊണ്ടു തന്നെ മധ്യനിരയിലിറങ്ങി കുറച്ച് കാത്തിരുന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കും.

Previous articleസ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യാൻ ജയസ്വാൾ വളർന്നിട്ടില്ല. പ്രതികരണവുമായി മിച്ചൽ ജോൺസൺ.
Next articleSMAT : പടിക്കൽ കലമുടച്ച് കേരളം.. ആന്ധ്രയ്ക്കെതിരെ കൂറ്റൻ തോൽവി.. ബാറ്റിംഗിൽ സഞ്ചുവിനും പരാജയം