“രോഹിത് മൂന്നാം ടെസ്റ്റിൽ ഓപ്പണിങ് തന്നെ ഇറങ്ങണം”. റിക്കി പോണ്ടിംഗ്

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നിലവിലെ ബാറ്റിംഗ് ഫോമിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

ശേഷം നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് രോഹിത് ടീമിലേക്ക് തിരികെയെത്തിയത്. എന്നാൽ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു രോഹിത് ബാറ്റിംഗിൽ കാഴ്ചവച്ചത്. തിരികെ ടീമിലേക്കെത്തിയ രോഹിത് ശർമ ഓപ്പണിങ് പൊസിഷനിൽ തന്നെ ബാറ്റിംഗിന് ഇറങ്ങണമായിരുന്നു എന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. രോഹിത്തിന്റെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് ഉപകാരമായേനെ എന്ന് പോണ്ടിംഗ് പറയുന്നു. എന്നാൽ തന്റെ ഓപ്പണിങ് സ്ഥാനം രാഹുലിനായി രോഹിത് ത്യജിച്ചത് അവന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ട് എന്ന് പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.

“രോഹിത്തിനെ സംബന്ധിച്ച് എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. രോഹിത് തിരികെ ടീമിലേക്ക് എത്തിയ സമയത്ത് തന്നെ ഓപ്പണിങ് പൊസിഷനിൽ ബാറ്റ് ചെയ്യണമായിരുന്നു. നേരെ അങ്ങോട്ട് ആയിരുന്നു രോഹിത് വരേണ്ടത്. അതാണ് എനിക്ക് തോന്നിയ കാര്യം. കെഎൽ രാഹുലും ജയസ്വാളും പെർത്തിൽ നടന്ന മത്സരത്തിൽ 200 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തിട്ടുണ്ട്. ആ മത്സരത്തിൽ അവർ നന്നായി കളിക്കുകയും ചെയ്തിരുന്നു. പക്ഷേ രോഹിത് ശർമ നമ്മുടെ നായകനാണ് എന്ന കാര്യം ഓർക്കണം. ഒരുപാട് പരിചയസമ്പന്നതയുള്ള താരമാണ് രോഹിത് ശർമ.”- പോണ്ടിംഗ് പറഞ്ഞു.

“ഇത്തരത്തിൽ രോഹിത് ടീമിലേക്ക് തിരികെ വരുന്ന സമയത്ത് അവനെ ഓപ്പണിങ് സ്ഥാനത്ത് തന്നെ കളിപ്പിക്കാനും, തന്റെ സ്വാഭാവികമായ റോളിൽ മൈതാനത്ത് ഇറക്കാനും ടീമിന് സാധിക്കണമായിരുന്നു. ഇക്കാര്യം കുറച്ചു ദിവസമായി എന്റെ ചിന്തകളിലുണ്ട്. ഒരുപക്ഷേ ബ്രിസ്ബേയ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ രോഹിത്തിനെ ഇന്ത്യ ഓപ്പണിങ് പൊസിഷനിൽ തന്നെ ഇറക്കുമായിരിക്കും.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുകയുണ്ടായി. രോഹിത്തിന്റെ ഫോമില്ലായ്മ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പോണ്ടിംഗ് മറുപടി നൽകി. തന്റെ തെറ്റുകൾ സ്വയം രോഹിത് കണ്ടെത്തേണ്ടതുണ്ട് എന്നാണ് പോണ്ടിംഗ് പറഞ്ഞത്.

“നമ്മൾ നമ്മളെ തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മൾ റൺസ് സ്വന്തമാക്കാത്ത സമയത്തോ ബാറ്റിംഗ് നന്നായി ചെയ്യാത്ത സമയത്തോ മറ്റൊരാൾ പറഞ്ഞു നമ്മൾ മനസ്സിലാക്കേണ്ടതില്ല. അത് നമുക്ക് സ്വന്തമായി മനസ്സിലാക്കാൻ സാധിക്കണം. ടെസ്റ്റ് മത്സരത്തിന് മുൻപ് രോഹിത്തിന് കുറച്ചധികം വിശ്രമം ലഭിച്ചിരുന്നു. മാത്രമല്ല അഡ്ലൈഡിലെ വിക്കറ്റ് ബാറ്റിംഗിന് അത്ര അനുകൂലവും ആയിരുന്നില്ല. അത് എടുത്തു പറയേണ്ട കാര്യമാണ്. അവിടെ കൂടുതൽ ഇന്ത്യൻ താരങ്ങളും വളരെ ബുദ്ധിമുട്ടുന്നത് നമ്മൾ കണ്ടു. ഒരുപാട് നാളുകൾക്കുശേഷമാണ് രോഹിത് ഇവിടെ മൈതാനത്ത് ഇറങ്ങിയത്. അതൊക്കെയും രോഹിത്തിനെ ബാധിച്ചിട്ടുണ്ടാവും.”- പോണ്ടിംഗ് പറഞ്ഞുവെക്കുന്നു.

Previous articleരഹാനെ 2.0 6 ട്വന്റി20 മത്സരങ്ങളിൽ 334 റൺസ്. 55 റൺസ് ശരാശരി. കൊൽക്കത്തയ്ക്ക് ലോട്ടറി.