2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം രണ്ടു മാസങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ ഇതിനോടകം തന്നെ മുംബൈ ഇന്ത്യൻസ് ടീമിൽ പ്രശ്നങ്ങൾ രൂക്ഷമായിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി ആയിരുന്നു മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിച്ചത്. ഒപ്പം രോഹിത്തിനെ ഒഴിവാക്കി ഹർദിക് പാണ്ഡ്യക്ക് മുംബൈ നായകസ്ഥാനം നൽകുകയും ചെയ്തു. ഇതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയർന്നിട്ടുള്ളത്.
രോഹിത് ശർമയോട് അനുവാദം പോലും ചോദിക്കാതെ ഇത്തരത്തിൽ ഒരു മാറ്റത്തിന് മുംബൈ തയ്യാറായത് ശരിയല്ല എന്ന് ആരാധകരടക്കം പറയുകയുണ്ടായി. മാത്രമല്ല ഇക്കാര്യത്തിൽ രോഹിത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി നേടി ആരാധകരയടക്കം ഞെട്ടിച്ചിരിക്കുകയാണ് രോഹിത് ശർമ. പക്ഷേ അതിന് ശേഷവും മുംബൈ ഇന്ത്യൻസും രോഹിത് ശർമയും തമ്മിൽ പ്രശ്നങ്ങൾ തുടരുന്ന അവസ്ഥയാണുള്ളത്.
മുംബൈ ഇന്ത്യൻസ് ടീമിനെ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ രോഹിത് ശർമ ഇതിനോടകം തന്നെ അൺഫോളോ ചെയ്തതാണ് വലിയ വാർത്തയ്ക്ക് വഴിവെച്ചത്. രോഹിത് ശർമയുടെ പ്രതിഷേധമാണ് ഇതിലൂടെ പുറത്തുവന്നത് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ പറയുന്നു. സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ അടക്കം രോഹിത് ശർമ മുംബൈയെ അൺഫോളോ ചെയ്യുകയുണ്ടായി.
രോഹിത് ശർമയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു തീരുമാനമാണ് മുംബൈ കൈകൊണ്ടിരിക്കുന്നത്. മുൻപ് പല പ്രമുഖ താരങ്ങളും മുംബൈ ഇന്ത്യൻസ് ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും അവരെ കപ്പിലേക്ക് എത്തിക്കുന്നതിൽ വലിയ പരാജയമായി മാറിയിരുന്നു. എന്നാൽ രോഹിത് ശർമ ടീമിലേക്ക് എത്തിയതിന് ശേഷം മുംബൈ കുതിക്കുന്നതാണ് കാണാൻ സാധിച്ചത്.
വലിയ പ്രതിസന്ധിയിലായിരുന്ന മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീട ജേതാക്കളാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല മുംബൈയ്ക്ക് പ്രതാപകാല ഫോമിലെത്താൻ സഹായകരമായതും രോഹിത്തിന്റെ ക്യാപ്റ്റൻസി തന്ത്രങ്ങൾ തന്നെയാണ്. എന്നാൽ ഇക്കാര്യങ്ങളൊക്കെയും അവഗണിച്ചാണ് രോഹിത്തിനെ മുംബൈ ഒഴിവാക്കിയത്.
ഇതിൽ വലിയ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത് രോഹിത് ശർമയുടെയും മുംബൈ ഇന്ത്യൻസിന്റെയും ആരാധകരാണ്. രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകർ മുംബൈ ഇന്ത്യൻസിനെ സാമൂഹ്യ മാധ്യമങ്ങളിൽ അൺഫോളോ ചെയ്തു.
മാത്രമല്ല രോഹിത്തിനെ ഒഴിവാക്കിയതിൽ മുംബൈ ഇന്ത്യൻസ് ടീമിൽ തന്നെ ഒരുപാട് താരങ്ങൾക്ക് വിയോജിപ്പുണ്ട് എന്ന് വ്യക്തമാണ്. സൂര്യകുമാർ യാദവും ജസ്‌പ്രീറ്റ് ബുമ്രയുമൊക്കെ ഇതിനോടകം തന്നെ തങ്ങളുടെ അതൃപ്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഈ സീസണിൽ മുംബൈ ഇന്ത്യൻസിൽ രോഹിത് തുടരുമോ എന്ന കാര്യത്തിൽ പോലും അവ്യക്തത നിലനിന്നിരുന്നു.
ഒപ്പം ഡൽഹി ക്യാപിറ്റൽസ് രോഹിത്തിനായി രംഗത്ത് എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതൊക്കെ നടക്കുമ്പോഴും രോഹിത് ശർമയോട് മുംബൈ കാണിച്ച അനീതി വലിയ രീതിയിൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.