ഇന്ത്യക്കെതിരായ ഇൻഡോർ ടെസ്റ്റിൽ മണ്ടത്തരങ്ങൾ ആവർത്തിച്ച് ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയൻ മണ്ടത്തരങ്ങളുടെ വമ്പൻ നിര തന്നെയാണ് കണ്ടത്. മത്സരത്തിലെ ആദ്യ പന്തിൽ രോഹിത് ശർമ മിച്ചൽ സ്റ്റാർക്കിനെ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി കീപ്പർ കെയറിയുടെ കൈകളിൽ എത്തുകയുണ്ടായി. ഓസ്ട്രേലിയൻ താരങ്ങൾ അപ്പിൽ ചെയ്തെങ്കിലും അമ്പയർ നിതിൻമേനോൻ ഇത് ഔട്ട് വിധിച്ചില്ല. ശേഷം ഓസ്ട്രേലിയ റിവ്യൂ ചെയ്യാനും തയ്യാറായില്ല.
എന്നാൽ പിന്നീട് ഈ സംഭവത്തിന്റെ റിപ്ലൈ വലിയ സ്ക്രീനിൽ കാണിക്കുകയുണ്ടായി. ബോൾ കൃത്യമായി രോഹിത്തിന്റെ ബാറ്റിൽ കൊണ്ട ശേഷമായിരുന്നു കേയറിയുടെ കൈകളിൽ എത്തിയത്. ഈ തീരുമാനം റിവ്യൂവിന് നൽകാത്തത് ഓസ്ട്രേലിയൻ പരിശീലകനെ പോലും ചൊടിപ്പിക്കുകയുണ്ടായി. ശേഷം പ്രസ്തുത ഓവറിലെ നാലാം പന്തിലും ഓസ്ട്രേലിയ ഇത്തരം മണ്ടത്തരം ആവർത്തിച്ചു. നാലാം പന്തിൽ മിച്ചൽ സ്റ്റാർക്കിനെ വീണ്ടും വീണ്ടും പ്രതിരോധിക്കാൻ രോഹിത് ശ്രമിച്ചു.
എന്നാൽ പന്തിന്റെ ലൈൻ കൃത്യമായി നിർണയിക്കുന്നതിൽ രോഹിത് പരാജയപ്പെട്ടു. ബാറ്റിൽ കൊള്ളാതെ വന്ന പന്ത് കൃത്യമായി പാഡിൽക്കൊണ്ടു. ആദ്യ നിമിഷം ഓസ്ട്രേലിയ അപ്പീലിന് തുനിഞ്ഞു. എന്നാൽ അമ്പയർ നോട്ടൗട്ട് വിളിച്ചതോടെ തീരുമാനം വീണ്ടും തീരുമാനം സ്മിത്തിനെയും അലക്സ് കേയറിയുടെയും കൈകളിലായി. സ്റ്റീവ് സ്മിത്ത് അലക്സ് കേയറിയുമായി സംസാരിച്ചെങ്കിലും പന്തിന്റെ ഉയരം സംബന്ധിച്ച് സംശയങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഈ തീരുമാനവും റിവ്യൂവിന് വിടണ്ട എന്ന് സ്മിത്ത് തീരുമാനിക്കുകയുണ്ടായി.
എന്നാൽ അവിടെയും ഓസ്ട്രേലിയ മണ്ടത്തരം കാണിച്ചു. റിപ്ലൈ പുറത്തു വന്നപ്പോൾ അതും കൃത്യമായി എൽബിഡബ്ല്യു വിക്കറ്റ് ആയിരുന്നു. എന്തുകൊണ്ടാണ് സ്റ്റീവ് സ്മിത്ത് രണ്ട് സാഹചര്യങ്ങളിലും റിവ്യൂ എടുക്കാതിരുന്നത് എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്. എന്നിരുന്നാലും മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് ലഭിച്ചിട്ടുള്ളത്.